വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചറർ ജോലിക്ക് ശ്രമിച്ചെന്ന കേസിൽ : ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു
വ്യാജരേഖ നൽകി ഗസ്റ്റ് ലക്ചറർ ജോലിക്ക് ശ്രമിച്ചെന്ന കേസിൽ എസ്എഫ്ഐ നേതാവ് കെ.വിദ്യ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. വ്യാജരേഖ ചമക്കലുമായി ബന്ധപ്പെട്ട വിഷയത്തിൽ താൻ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ഹർജിയിൽ പറയുന്നുണ്ട്.വ്യാജരേഖ ഉപയോഗിച്ച് ജോലി സമ്പാദിക്കുകയോ അതില്‍ നിന്ന് സാമ്പത്തിക ലാഭം നേടുകയോ ചെയ്തിട്ടില്ലെന്നും അതിനാല്‍ കേസ് നിലനില്‍ക്കില്ലെന്നും അപേക്ഷയിൽ പറയുന്നുണ്ട്. താൻ ചെറുപ്പവും അവിവാഹിതയുമാണ്. അറസ്റ്റ് ചെയ്യുന്നത് ഭാവിയെ ബാധിക്കും. തനിക്കെതിരായ കേസിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട്. അന്വേഷണവുമായി സഹകരിക്കാൻ തയാറാണെന്നും വിദ്യയുടെ ഹർജിയിൽ പറയുന്നു.എറണാകുളം സെൻട്രൽ പൊലീസ് രജിസ്റ്റർ ചെയ്ത് അഗളി പൊലീസിന് കൈമാറിയ കേസിലാണ് വിദ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്. നീലേശ്വരം കേസിൽ മുൻകൂർ ജാമ്യാപേക്ഷ തേടിയിട്ടില്ല. കേസ് അന്വേഷണം ആരംഭിച്ച് ഒരാഴ്ച പിന്നിട്ടെങ്കിലും വിദ്യയെ ഇതുവരെ കണ്ടെത്താൽ പോലീസിന് സാധിച്ചിട്ടില്ല.