കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നു
ന്യൂഡല്‍ഹി: രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടുമായി കൊമ്പുകോര്‍ത്തുനില്‍ക്കുന്ന കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റ് സ്വന്തം പാര്‍ട്ടി രൂപീകരിക്കുന്നു. ഈ മാസം 11 നു പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനമുണ്ടാകും. സച്ചിന്റെ പിതാവ് രാജേഷ് പൈലറ്റിന്റെ ചരമവാര്‍ഷികമായ അന്നു നടത്തുന്ന റാലിയിലായിരിക്കും പ്രഖ്യാപനം. ‘പ്രഗതിശീല്‍ കോണ്‍ഗ്രസ്’ എന്നാണു പുതിയ പാര്‍ട്ടിയുടെ പേരെന്നാണു വിവരം.മുഖ്യമന്ത്രി അശോക് ഗെലോട്ടും സച്ചിനും തമ്മിലുള്ള ഭിന്നത പരിഹരിക്കാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് പലവട്ടം ചര്‍ച്ച നടത്തിയിരുന്നു. ഒടുവില്‍ കഴിഞ്ഞ മാസം 29നു കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ മുന്‍കയ്യെടുത്തു ഇരുവരെയും ഒരുമിച്ചിരുത്തി സംസാരിക്കുകയും പ്രശ്‌നം തീര്‍ന്നതായി നേതൃത്വം അവകാശപ്പെടുകയും ചെയ്തതാണ്.തിരഞ്ഞെടുപ്പു തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റ സ്ഥാപനമായ ഐപാക് ആണു സച്ചിന്റെ പാര്‍ട്ടിയുടെ രൂപീകരണത്തിനു സഹായിക്കുന്നതെന്നാണു വിവരം. ഏപ്രില്‍ 11 നു മുന്‍ ബിജെപി സര്‍ക്കാരിന്റെ അഴിമതിക്കെതിരെ നടപടി ആവശ്യപ്പെട്ടു സച്ചിന്‍ നടത്തിയ നിരാഹാരസമരത്തിന്റെ സംഘാടനം ഐപാക്കിനായിരുന്നു. കഴിഞ്ഞമാസം അജ്മേറില്‍നിന്നു ജയ്പുര്‍ വരെ സച്ചിന്‍ നടത്തിയ 5 ദിവസത്തെ പദയാത്രയ്ക്കു പിന്നിലും ഐപാക് ആയിരുന്നു.മേയ് 15നു പദയാത്രാസമാപനത്തില്‍ ഗെലോട്ട് സര്‍ക്കാരിനു മുന്‍പാകെ സച്ചിന്‍ 3 ആവശ്യങ്ങളാണു വച്ചത്; വസുന്ധര രാജെ സര്‍ക്കാരിലെ അഴിമതിക്കെതിരെ നടപടി, രാജസ്ഥാന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ പുനഃസംഘടന, ചോദ്യക്കടലാസ് ചോര്‍ച്ച പ്രശ്‌നത്തില്‍ ഉദ്യോഗാര്‍ഥികള്‍ക്കു നഷ്ടപരിഹാരം. ഹൈക്കമാന്‍ഡുമായി നടത്തിയ ഒത്തുതീര്‍പ്പു ചര്‍ച്ചയിലും സച്ചിന്‍ ഈ ആവശ്യങ്ങളായിരുന്നു മുന്നോട്ടുവച്ചത്. നടപടിയില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രക്ഷോഭം ആരംഭിക്കുമെന്നും മുന്നറിയിപ്പു നല്‍കിയിരുന്നു.