ചികിത്സാപ്പിഴവിനെ തുടർന്ന് യുവതിയുടെ മരണം (ഡെക്ക്) റിപ്പോർട്ട് നാളെ
നെയ്യാറ്റിൻകര :നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ കുത്തിവയ്‌പിനെ തുടർന്ന് കൃഷ്‌ണ തങ്കപ്പൻ (28) എന്ന യുവതി മരിച്ച സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ബിന്ദു മോഹൻ നാളെ ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.കെ.ജെ.റീനയ്ക്ക് റിപ്പോർട്ട് നൽകും. ചികിത്സിച്ച ഡോക്ടറുടെയും നഴ്സുമാരുടെയും മൊഴികൾ ഉൾപ്പെടുത്തിയുള്ള വിശദമായ റിപ്പോർട്ടാകും നൽകുക. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടികൾ സ്വീകരിച്ച ശേഷം ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കാരിനെ നിലപാട് അറിയിക്കും. കൃഷ്‌ണയുടെ മരണത്തിനു പിന്നാലെ ആരോഗ്യവകുപ്പ് ഡയറക്ടറേറ്റിലെ ഉദ്യോഗസ്ഥർ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തി രേഖകളുടെ പകർപ്പ് ശേഖരിച്ചിരുന്നു. ഡോക്ടർക്കെതിരെ നടപടി ആവശ്യപ്പെട്ട് പ്രാദേശിക കോൺഗ്രസ്,ബി.ജെ.പി പ്രവർത്തകരുടെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി നെയ്യാറ്റിൻകരയിൽ മൃതദേഹവുമായി റോഡ് ഉപരോധിച്ചിരുന്നു. ഡോക്ടർക്കെതിരെ നടപടി ഉൾപ്പെടെ എടുക്കാമെന്ന് ആർ.ഡി.ഒ രേഖാമൂലം ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിച്ചത്. മൃതദേഹം ഞായറാഴ്ച രാത്രി 11.50ന് വീട്ടുവളപ്പിൽ സംസ്‌കരിച്ചു.അതേസമയം സംഭവത്തിൽ നടപടിയാവശ്യപ്പെട്ട് വിവിധ നേതാക്കൾ രംഗത്തെത്തി. കൃഷ്‌ണയുടെ വീട് സന്ദർശിച്ച ശേഷമായിരുന്നു നേതാക്കളുടെ പ്രതികരണം. ആശുപത്രി അധികൃതരുടെ തികഞ്ഞ അനാസ്ഥയാണ് യുവതി മരിക്കാനിടയായതെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ പറഞ്ഞു. വീട്ടിലെത്തിയ രമേശ് ചെന്നിത്തല, സംഭവത്തിൽ സമഗ്രഅന്വേഷണം വേണമെന്ന് മന്ത്രി വീണാജോർജിനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. വീഴ്ച വരുത്തിയവർക്കെതിരെ കർശന നിയമനടപടി വേണമെന്ന് മുൻ കേന്ദ്രമന്ത്രി വി.മുരളീധരനും ആവശ്യപ്പെട്ടു. കൃഷ്ണയുടെ കുഞ്ഞിന് അടിയന്തര ധനസഹായം നൽകണമെന്ന് ബി.ജെ.പി നേതാവ് പി.കെ.കൃഷ്ണദാസ് ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് പാലോട് രവി,കെ.പി.സി.സി സെക്രട്ടറി ആർ.വി.രാജേഷ്, നിർവാഹകസമിതി അംഗം മലയിൻകീഴ് വേണുഗോപാൽ, ഡി.സി.സി ജനറൽ സെക്രട്ടറി എം.ആർ.ബൈജു,ഡി.സി.സി ജനറൽ സെക്രട്ടറി ചെമ്പഴന്തി അനിൽ,എം.മണികണ്ഠൻ,ജി.പങ്കജാക്ഷൻ,മാരായമുട്ടം സുരേഷ്, മലയിൻകീഴ് ഷാജി, മലവിള ബൈജു, എൽ.അനിത,വി.ആർ.രമാകുമാരി,സുമേഷ്, മായ രാജേന്ദ്രൻ,പഞ്ചായത്ത് അംഗങ്ങളായ എം.ജി.സുര, പ്രസന്നകുമാർ, അനിൽകുമാർ സതീഷ്, ഷൈജു കുരുവിൻമുകൾ, ബി.ജെ.പി നേതാക്കളായ മുക്കംപാലമൂട് ബിജു,മലയിൻകീഴ് രാധാകൃഷ്ണൻ,പള്ളിച്ചൽ ബിജു,കുന്നുവിള സുധീഷ് എന്നിവരും വീട്ടിലെത്തി.