മദ്യലഹരിയിൽ പിടികൂടിയ വിഷപ്പാമ്പിനൊപ്പം നൃത്തം ചെയ്ത യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു
ചെന്നൈ: പുതുവത്സരാഘോഷത്തിനിടെ പാമ്പ് കടിയേറ്റ് തമിഴ്‌നാട്ടിലെ കടലൂര്‍ സ്വദേശി മരിച്ചു. മദ്യലഹരിയിലായിരുന്ന മണികണ്ഠന്‍ വിഷപ്പാമ്പിനൊപ്പം കളിക്കുന്നതിനിടെയാണ് കടിയേറ്റത്.പുതുവത്സരാഘോഷത്തിനിടെ മണികണ്ഠന്‍ സമീപത്തെ കുറ്റിക്കാട്ടില്‍ പാമ്പ് ഇഴയുന്നത് കണ്ടു. പാമ്പിനെ പിടിക്കരുതെന്ന് സമീപത്തുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും മണികണ്ഠന്‍ പാമ്പിനെ പിടികൂടി ചുറ്റും കൂടിനിന്ന ജനക്കൂട്ടത്തെ ഭയപ്പെടുത്താന്‍ ശ്രമിച്ചു. കൈകളില്‍ കടിച്ചതിന് ശേഷവും പാമ്പിനെ പുതുവത്സര സമ്മാനം എന്ന് വിളിച്ച് ഉയര്‍ത്തി പിടിച്ചു.മിനിറ്റുകള്‍ക്കുള്ളില്‍ മണികണ്ഠന്‍ കുഴഞ്ഞുവീണു, ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. പാമ്പിനെ ഡോക്ടര്‍മാരെ കാണിക്കാന്‍ കൂടെ കൊണ്ടുവന്ന സുഹൃത്ത് കബിലനും ചാക്ക് തുറക്കാന്‍ ശ്രമിച്ചപ്പോള്‍ കടിയേറ്റു. കബിലന്‍ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.