മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശത്തില്‍ കുടുംബരാഷ്ട്രീയം കത്തിച്ച് പ്രതിപക്ഷം

Spread the love

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള പ്രചാരണത്തെ പ്രതിരോധിക്കേണ്ട ബാധ്യത വിശദീകരിച്ച് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നടത്തിയ പരാമര്‍ശത്തില്‍ കുടുംബരാഷ്ട്രീയം കത്തിച്ച് പ്രതിപക്ഷം. അഴിമതിയാരോപണങ്ങളില്‍ മന്ത്രിമാരാരും പ്രതിരോധത്തിന് എത്താത്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മരുമകന്‍കൂടിയായ മുഹമ്മദ് റിയാസ് ഈ വാദവുമായി വന്നതെന്നാണ് പ്രതിപക്ഷത്തിന്റെ വ്യാഖ്യാനം.എന്നാല്‍, പാര്‍ട്ടിനിലപാട് വിശദീകരിക്കുകമാത്രമാണ് റിയാസ് ചെയ്തതെന്ന് സി.പി.എം. സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ റിയാസിനെ ന്യായീകരിച്ചു.കഴിഞ്ഞദിവസം ഒരു അഭിമുഖത്തില്‍ റിയാസ് നടത്തിയ പരാമര്‍ശമാണ് ചൂടേറിയ കുടുംബരാഷ്ട്രീയ ചര്‍ച്ചയിലേക്ക് വഴിവെച്ചത്. വിവാദങ്ങളിലടക്കം മന്ത്രിമാരാരും മിണ്ടാതിരിക്കുന്നത് മുഖ്യമന്ത്രിയെ ഭയന്നാണെന്ന ആരോപണത്തിനായിരുന്നു റിയാസ് മറുപടിപറഞ്ഞത്.മുഖ്യമന്ത്രിക്കുനേരെയും സര്‍ക്കാരിനുനേരെയും വിമര്‍ശനം വന്നാല്‍ മറ്റുമന്ത്രിമാര്‍ മിണ്ടരുതെന്ന് മുഖ്യമന്ത്രി ആഗ്രഹിക്കുമോയെന്നായിരുന്നു റിയാസിന്റെ മറുചോദ്യം. ശക്തമായി പറയണമെന്നല്ലേ ആഗ്രഹിക്കുക. മന്ത്രിമാര്‍ വ്യക്തിപ്രതിച്ഛായയുടെ തടവറയിലല്ല. അങ്ങനെ കരുതുന്നവരുമല്ല ഈ മന്ത്രിസഭയിലെ അംഗങ്ങള്‍. രാഷ്ട്രീയം പറയാന്‍ ഉത്തരവാദിത്വമുള്ളവരാണ് മന്ത്രിമാര്‍. ഞാനിതുപറഞ്ഞാല്‍ എങ്ങനെയാകുമെന്ന ചിന്ത ഉണ്ടാകേണ്ടതില്ല. അത് വലതുപക്ഷ ചിന്താരീതിയാണെന്നും റിയാസ് പറഞ്ഞു.റിയാസുമായി ചര്‍ച്ചചെയ്തിരുന്നു. രാഷ്ട്രീയമായ കാര്യങ്ങള്‍ മന്ത്രിമാര്‍ ശരിയായ ദിശാബോധത്തോടെ സംസാരിക്കണമെന്നാണ് ഉദ്ദേശിച്ചത്. അക്കാര്യമാണ് പറഞ്ഞത്. അതിനെ വ്യാഖ്യാനിച്ച് വിശദീകരിച്ച് മറ്റൊരുതരത്തില്‍ എത്തിക്കുകയാണ് ചെയ്തത്.മന്ത്രിമാരെല്ലാം ശരിയായ രാഷ്ട്രീയനിലപാട് വിശദീകരിക്കുന്നുണ്ട്. പ്രതികരിക്കണമെന്നുള്ളത് പാര്‍ട്ടിയുടെതന്നെ നിലപാടാണ്. അല്ലാതെ മന്ത്രിമാരായിപ്പോയി എന്നുള്ളതുകൊണ്ട് ഇനിമുതല്‍ രാഷ്ട്രീയകാര്യങ്ങള്‍ മിണ്ടാന്‍പാടില്ലെന്ന നിലപാട് സി.പി.എമ്മിനില്ല.ഒരുവ്യക്തിക്കുകീഴിലാണ് പാര്‍ട്ടിയും ഭരണമെന്നത് വലതുപക്ഷം പ്രചരിപ്പിക്കുന്നതാണ്. ആ വ്യക്തി വിചാരിക്കുന്നതേ പാര്‍ട്ടിയില്‍ നടക്കൂവെന്ന രീതിയിലുള്ള പ്രചാരണത്തിനുപിന്നില്‍ കൃത്യമായ രാഷ്ട്രീയമുണ്ട്. പിണറായി വിജയന്റെ ഭരണപരമായും രാഷ്ട്രീയപരവുമായ നിലപാടുകള്‍ ജനങ്ങള്‍ അംഗീകരിക്കുന്നുണ്ട്. ഇത് മനസ്സിലാക്കി പിണറായി വിജയനെന്ന വ്യക്തിയെ ആക്രമിക്കുക, വക്രീകരിക്കുക എന്നതുകൊണ്ടാണ് ഈ പ്രചാരണം. ഒരു വ്യക്തിക്കുകീഴിലല്ല പാര്‍ട്ടി.പിണറായി വിജയനുനേരെ വരുന്ന അക്രമങ്ങളെ ആരെങ്കിലും ചെറുക്കാന്‍വന്നാല്‍ അത് ഫാന്‍സ് അസോസിയേഷനാണ്, അത് പാര്‍ട്ടിലൈനല്ല എന്ന് പ്രചരിപ്പിക്കുന്നുണ്ട്. അതുകൊണ്ടുള്ള ശങ്ക, ഞാനതുപറഞ്ഞാല്‍ എന്റെ പ്രതിച്ഛായ മോശമാകുമോ, ഞാനിനി ഫാന്‍സ് അസോസിയേഷന്റെ ആളായിമാറുമോ, അതുകൊണ്ട് ഞാന്‍ മിണ്ടണ്ട എന്നുവരുത്തിത്തീര്‍ക്കാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട്.ഇതിലൊന്നും കീഴ്പ്പെടാതെ പാര്‍ട്ടിനിലപാട് മുറുകെ പിടിക്കുന്നതുകൊണ്ട് ഒരു വ്യക്തി ആക്രമിക്കപ്പെടുമ്പോള്‍, ആ വ്യക്തിയെ സംരക്ഷിക്കുകയെന്ന നിലപാടാണ് പാര്‍ട്ടികേഡര്‍മാരും നേതൃത്വവും സ്വീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *