ആലപ്പുഴയിലെ സി.പി.എം. നേതാക്കള്‍ക്കെതിരേ സംസ്ഥാന നേതൃത്വം നടപടി തുടങ്ങി
ആലപ്പുഴ: ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത മുന്‍നിര്‍ത്തി ആലപ്പുഴയിലെ സി.പി.എം. നേതാക്കള്‍ക്കെതിരേ സംസ്ഥാന നേതൃത്വം നടപടി തുടങ്ങി. പി.പി. ചിത്തരഞ്ജന്‍ എം.എല്‍.എ., മുന്‍ എം.എല്‍.എ.മാരായ സി.കെ. സദാശിവന്‍, ടി.കെ. ദേവകുമാര്‍ എന്നിവരുള്‍പ്പെടെ നാല്പതിലധികംപേര്‍ക്കു നോട്ടീസ് നല്‍കി. കെ.എസ്.ടി.എ. സംസ്ഥാന പ്രസിഡന്റ് ഡി. സുധീഷും ഇവരില്‍പ്പെടുന്നു.ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, മന്ത്രി സജി ചെറിയാന്‍ എന്നിവരുടെ പക്ഷംചേര്‍ന്ന് വിഭാഗീയപ്രവര്‍ത്തനം നടത്തിയെന്നതാണു കുറ്റം. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോര്‍ത്ത്, തകഴി, ഹരിപ്പാട് ഏരിയ സമ്മേളനങ്ങളിലെ വിഭാഗീയത സംബന്ധിച്ചാണു സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.കെ. ബിജു, ടി.പി. രാമകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിഷന്‍ അന്വേഷണം നടത്തിയത്. ഈ നാല് ഏരിയ സെക്രട്ടറിമാര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിഭാഗീയപ്രവര്‍ത്തനം നടത്തിയെന്നു ബോധ്യപ്പെട്ട സാഹചര്യത്തില്‍ എന്തെങ്കിലും പറയാനുണ്ടോയെന്നു ചോദിച്ചാണു നോട്ടീസ്.പി.പി. ചിത്തരഞ്ജന്‍ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. മറ്റൊരു ജില്ലാ സെക്രട്ടേറിയറ്റംഗമായ എം. സത്യപാലനും വിഭാഗീയതയ്ക്കു നേതൃത്വം നല്‍കിയതായി കണ്ടെത്തി. സി.കെ. സദാശിവനും ടി.കെ. ദേവകുമാറും ജില്ലാക്കമ്മിറ്റിയംഗങ്ങളാണ്. ജില്ലാക്കമ്മിറ്റിയംഗങ്ങളായ വി.ബി. അശോകനും ശ്രീകുമാര്‍ ഉണ്ണിത്താനും നോട്ടീസുണ്ട്. ഇവരില്‍ ടി.കെ. ദേവകുമാറൊഴികെ ബാക്കിയെല്ലാവരും നാസര്‍ പക്ഷക്കാരായാണ് അറിയപ്പെടുന്നത്. സജി ചെറിയാന്‍ പക്ഷക്കാരനായാണു ദേവകുമാര്‍ അറിയപ്പെടുന്നത്.പ്രാദേശികമായി മാത്രമല്ല, ഭൂരിഭാഗം നേതാക്കളും ജില്ലാതലത്തിലും വിഭാഗീയ പ്രവര്‍ത്തനം നടത്തിയെന്നു കമ്മിഷന്‍ കണ്ടെത്തി. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണു നോട്ടീസ് നല്‍കിയത്.നോട്ടീസിന്‍മേലുള്ള വിശദീകരണം തൃപ്തികരമല്ലെന്നു കണ്ടാലും ഇല്ലെങ്കിലും നടപടി ഉറപ്പാണെന്നു മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞു. അതില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടായേക്കാം. താക്കീതുമുതല്‍ തരംതാഴ്ത്തല്‍ വരെ ലഭിക്കാം. വിഭാഗീയതയുടെ പേരില്‍ ഔദ്യോഗിക പാനലിലെ ഭൂരിഭാഗം അംഗങ്ങളും ഒഴിവാക്കപ്പെട്ട ആലപ്പുഴ സൗത്ത്, ഹരിപ്പാട് ഏരിയ കമ്മിറ്റികളാണു പിരിച്ചുവിടുമെന്നു പ്രതീക്ഷിക്കുന്നത്.