ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു

Spread the love

ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തെ ചൊല്ലി ഇന്ത്യ-കാനഡ ബന്ധം കൂടുതല്‍ വഷളാകുന്നു. കാനഡയുടെ ചില ഭാഗങ്ങള്‍ സന്ദര്‍ശിക്കുന്നതിനെതിരെ ഇന്ത്യ തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയ മുന്നറിയിപ്പ് കനേഡിയന്‍ സര്‍ക്കാര്‍ തള്ളി. കാനഡ സുരക്ഷിത രാജ്യമാണെന്ന് പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കാനഡയില്‍ താമസിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പൗരന്മാര്‍ക്കും കേന്ദ്രം നിര്‍ദ്ദേശം മണിക്കൂറുകള്‍ക്കകമാണ് പ്രതികരണം.വളരുന്ന ഇന്ത്യാ വിരുദ്ധ പ്രവര്‍ത്തനങ്ങളും രാഷ്ട്രീയമായി അംഗീകരിക്കപ്പെടുന്ന വിദ്വേഷ കുറ്റകൃത്യങ്ങളും കാനഡയിലെ അക്രമങ്ങളും കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്നാണ് ഇന്ത്യ പൗരന്മാര്‍ക്കും വിദ്യാര്‍ഥികള്‍ക്കുമായി പുറത്തിറക്കിയ നിര്‍ദ്ദേശത്തില്‍ പറയുന്നത്. ഇന്ത്യ വിരുദ്ധ അജണ്ടയെ എതിര്‍ക്കുന്ന ഇന്ത്യന്‍ നയതന്ത്രജ്ഞര്‍ക്ക് ഉള്‍പ്പെടെ ഭീഷണിയുണ്ട്. അത്തരം സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രദേശങ്ങളിലേക്ക് യാത്ര ചെയ്യുന്നത് ഒഴിവാക്കണമെന്നും ഇന്ത്യ നിര്‍ദ്ദേശിച്ചു. ഇന്ത്യയിലെ തങ്ങളുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശവുമായി കാനഡ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഇന്ത്യയുടെ ഈ നീക്കം. ചൊവ്വാഴ്ചയാണ് കനേഡിയന്‍ സര്‍ക്കാര്‍ ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാരോട് ഉയര്‍ന്ന ജാഗ്രത പാലിക്കണമെന്ന് അഭ്യര്‍ത്ഥിച്ചത്. ഇന്ത്യയിലേക്കുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കാനും പൗരന്മാര്‍ക്ക് നിര്‍ദ്ദേശമുണ്ട്. ഖാലിസ്ഥാന്‍ ഭീകരനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഏജന്റുമാര്‍ക്ക് പങ്കുണ്ടെന്നായിരുന്നു ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതാണ് ഇന്ത്യയും കാനഡയും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാക്കിയത്. ‘രാജ്യത്തുടനീളം ഭീകരാക്രമണ ഭീഷണിയുള്ളതിനാല്‍ ഇന്ത്യയില്‍ ഉയര്‍ന്ന ജാഗ്രത പാലിക്കുക. ചില സുരക്ഷാ ആശങ്കകളുണ്ട്. സാഹചര്യം പെട്ടെന്ന് മാറാം. എല്ലായ്‌പ്പോഴും വലിയ ജാഗ്രത പാലിക്കണം. പ്രാദേശിക മാധ്യമങ്ങളെ നിരീക്ഷിക്കുകയും പ്രാദേശിക അധികാരികളുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും വേണം’, ട്രൂഡോ സര്‍ക്കാര്‍ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. രാജ്യം വിടുന്നതാണ് സുരക്ഷിതമെങ്കില്‍ അത് ചെയ്യണം. പ്രവചനാതീതമായ സുരക്ഷാ സാഹചര്യം കാരണം ജമ്മു കശ്മീരിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണം. തീവ്രവാദം, ആഭ്യന്തര കലാപം, തട്ടിക്കൊണ്ടുപോകല്‍ എന്നിവയുടെ ഭീഷണിയുണ്ട്. ലഡാക്കിലെ കേന്ദ്രഭരണ പ്രദേശത്തേക്കോ മറ്റുമുള്ള യാത്രയും ഒഴിവാക്കേണ്ടതാണ്’, സര്‍ക്കാര്‍ പറയുന്നു. കനേഡിയന്‍ ഗവണ്‍മെന്റിന്റെ വെബ്‌സൈറ്റിലാണ് ഇത് പ്രസിദ്ധീകരിച്ചത്. നിജ്ജാറിന്റെ കൊലപാതകത്തിലെ ജസ്റ്റിന്‍ ട്രൂഡോയുടെ അവകാശവാദം ഇന്ത്യ പൂര്‍ണ്ണമായും തള്ളി. ഇത് ‘അടിസ്ഥാനരഹിതമാണെന്ന് വ്യക്തമാക്കി ഇന്ത്യ വെളിപ്പെടുത്താത്ത ഉദ്ദേശ്യങ്ങളോ രാഷ്ട്രീയ പരിഗണനകളോ ട്രൂഡോയെ സ്വാധീനിച്ചിരിക്കാമെന്നും കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *