വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും

Spread the love

ന്യൂഡല്‍ഹി: വനിതാ സംവരണ ബില്‍ ഇന്ന് രാജ്യസഭയില്‍ അവതരിപ്പിക്കും. കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാള്‍ ആണ് ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേലുള്ള ചര്‍ച്ചയും വോട്ടെടുപ്പും നാളെ നടക്കും.ഇന്നലെ ലോക്‌സഭ പാസാക്കിയ ബില്ല്, രാജ്യസഭ കൂടി പാസാക്കുന്നതോടെ അവസാന കടമ്പ കടക്കും. രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ നിയമം നിലവില്‍ വരും. ലോക്‌സഭയില്‍ 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ രണ്ടു എംപിമാര്‍ എതിര്‍ത്ത് വോട്ടു ചെയ്തു. സ്ലിപ് നല്‍കിയാണ് ബില്ലിന്‍മേല്‍ വോട്ടെടുപ്പ് നടത്തിയത്.വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയിലെത്തിയിരുന്നു. എഐഎംഐഎമ്മിന്റെ അസദുദ്ദീന്‍ ഉവൈസിയുടെ ഭേദഗതി നിര്‍ദേശം ലോക്‌സഭ ശബ്ദവോട്ടോടെ തള്ളിയിരുന്നു.‘നാരി ശക്തി വന്ദന്‍ അധിനിയം’ എന്നാണ് ബില്ലിന് പേരിട്ടിരിക്കുന്നത്. ഭരണഘടനയുടെ 128-ാം ഭേദഗതിയാണിത്. ലോക്‌സഭയിലും നിയമസഭകളിലും 33% സീറ്റ് വനിതകള്‍ക്കായി സംവരണം ചെയ്യുന്നതാണ് ബില്‍. ഭേദഗതി നടപ്പിലായി 15 വര്‍ഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടാനും ബില്ലില്‍ വ്യവസ്ഥയുണ്ട്.2010 മാര്‍ച്ച് മാസത്തില്‍ വനിതാ സംവരണ ബില്ല് രാജ്യസഭാ പാസാക്കിയതാണെങ്കിലും കൂടുതല്‍ വ്യവസ്ഥകള്‍ ഉള്‍കൊള്ളിച്ചു പുതിയ ബില്ല് ആയിട്ടാണ് അവതരിപ്പിച്ചത്. പട്ടിക ജാതി പട്ടിക വര്‍ഗ്ഗത്തില്‍പ്പെട്ട വനിതകള്‍ക്കുള്ള ഉപസംവരണം പുതിയ ബില്ലിന്റെ പ്രത്യേകതയാണ്. പ്രതിപക്ഷം ഇന്നലെ ലോക്‌സഭയില്‍ ഒറ്റക്കെട്ടായി ആവശ്യപ്പെട്ട ഒ.ബി.സി സംവരണം രാജ്യസഭയിലും ആവര്‍ത്തിക്കും .

Leave a Reply

Your email address will not be published. Required fields are marked *