കാറിൽ കടത്താൻ ശ്രമിച്ച 35 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി(ആമ്പർഗ്രിസ്) പൊലീസ് പിടികൂടി
തിരുവനന്തപുരം: കാറിൽ കടത്താൻ ശ്രമിച്ച 35 കോടി രൂപ വിലവരുന്ന തിമിംഗല ഛർദി(ആമ്പർഗ്രിസ്) പൊലീസ് പിടികൂടി. തിരുവനന്തപുരം-തമിഴ്‌നാട് അതിർത്തിയിലുള്ള കന്യാകുമാരിയിലെ മാർത്താണ്ഡത്താണ് ആറു മലയാളികൾ പിടിയിലായത്. വിൽപനയ്ക്കായി കൊണ്ടുവന്ന ആമ്പർഗ്രിസുമായി തിരുവനന്തപുരം സ്വദേശി വിവേകാനന്ദൻ(46), കൊല്ലം സ്വദേശി നൈജു(39), ജയൻ(41), നെയ്യാറ്റിൻകര സ്വദേശി ദിലീപ്(26), വെള്ളറട സ്വദേശി ബാലകൃഷ്ണൻ(61), ഒറ്റപ്പാലം സ്വദേശി വീരൻ(50) എന്നിവരെയാണ് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തത്.റെയിൽവേ സ്റ്റേഷൻ പരിസരത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ ആറംഗ സംഘത്തെ സംശയാസ്പദമായ നിലയിൽ കണ്ടതായി നാട്ടുകാർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് 36 കിലോ തിമിംഗല ഛർദി പിടിയിലായത്. കേരള രജിസ്‌ട്രേഷൻ ഇന്നോവ കാറിലായിരുന്നു സംഘമുണ്ടായിരുന്നത്.