പാലക്കാട് വീട്ടിൽ സ്ഫോടനം : അഞ്ച് പേർക്ക് പരുക്കേറ്റു

Spread the love

പാലക്കാട് തൃത്താല ആനക്കര പഞ്ചായത്തിലെ മലമല്‍ക്കാവില്‍ അരീക്കാട് റോഡിന് സമീപം വീട്ടില്‍ സ്‌ഫോടനം. അഞ്ച് പേര്‍ക്ക് പരുക്കേറ്റു. ഗൃഹനാഥന്‍ മലമല്‍ക്കാവ് കുന്നുമ്മല്‍ പ്രഭാകരന്‍, ഭാര്യ ശോഭ, മകന്റെ ഭാര്യ വിജിത, വിജിതയുടെ മക്കളായ നിവേദ് കൃഷ്ണ, അശ്വന്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.ഞായറാഴ്ച്ച രാത്രി എട്ടരയോടെയാണ് അപകടം. അപകടത്തില്‍ പ്രഭാകരന്റെ വീട് പൂര്‍ണ്ണമായും തകര്‍ന്നു. വീട്ടില്‍ രണ്ട് ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നെങ്കിലും അവ പൊട്ടിത്തെറിച്ചിട്ടില്ലെന്ന് ഫയര്‍ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു. പട്ടാമ്പിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സെത്തിയാണ് തീയണച്ചത്. തൃത്താല പൊലീസും സ്ഥലത്തെത്തി. സ്ഫോടനത്തില്‍ സമീപത്തെ അഞ്ച് വീടുകള്‍ ഭാഗികമായി തകര്‍ന്നിട്ടുണ്ട്.സമീപത്തെ റോഡിലെ വൈദ്യുതി ലൈനുകള്‍ സ്ഫോടനത്തില്‍ പൊട്ടി വീണു. ഇതേതുടര്‍ന്ന് മേഖലയില്‍ വൈദ്യുതി വിതരണം തടസപ്പെട്ടു.പരുക്കേറ്റവരെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.പ്രഭാകരന്‍ സമീപത്തെ ക്ഷേത്രത്തിലെ വെടിമരുന്ന് തൊഴിലാളിയാണ്. സ്‌ഫോടനത്തിന്റെ പ്രകമ്പനം 10 കിലോ മീറ്റര്‍ ചുറ്റളവില്‍ അനുഭവപ്പെട്ടതായി നാട്ടുകാര്‍ പറഞ്ഞു. ഫോറന്‍സിക് വിഭാഗം ഇന്ന് സംഭവ സ്ഥലത്തെത്തി പരിശോധന നടത്തും. ഫോറന്‍സിക് പരിശോധനക്ക് ശേഷമേ സ്‌ഫോടന കാരണം കണക്കാക്കാനാകൂ എന്നാണ് ഫയര്‍ ഫോഴ്സ് പറയുന്നത്. പട്ടാമ്പി തലൂക്ക് തഹസില്‍ദാര്‍ ടിപി കിഷോര്‍ ആണ് രക്ഷാപ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *