മനീഷ് സിസോദിയയുടെ അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി

Spread the love

ന്യൂഡല്‍ഹി: മനീഷ് സിസോദിയയുടെ അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമാണെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. സിസോദിയ നിരപരാധിയാണെന്നും കെജ്രിവാള്‍ പറഞ്ഞു. ഡല്‍ഹി മദ്യനയക്കേസില്‍ ഉപമുഖ്യമന്ത്രിയെ സിബിഐ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് പ്രതികരണം.‘മനീഷ് നിരപരാധിയാണ്, അദ്ദേഹത്തിന്റെ അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമാണ്. അറസ്റ്റ് ജനങ്ങളെ ചൊടിപ്പിച്ചിട്ടുണ്ട്. ജനം എല്ലാം വീക്ഷിക്കുന്നു, ആളുകള്‍ക്ക് എല്ലാം മനസ്സിലായി, ഉറപ്പായും അവര്‍ മറുപടി നല്‍കും. വരും ദിവസങ്ങളില്‍ പോരാട്ടം കൂടുതല്‍ ശക്തമാവും’- കെജ്രിവാള്‍ പ്രതികരിച്ചു.അറസ്റ്റിനെ ജനാധിപത്യത്തിലെ കറുത്ത ദിനം എന്നാണ് എഎപി വിശേഷിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ മന്ത്രിയെയാണ് ബിജെപിയുടെ സിബിഐ കള്ളക്കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നതെന്നും വിമര്‍ശനം. ബിജെപിയുടെ രാഷ്ട്രീയ വൈരാഗ്യമാണ് അറസ്റ്റിന് പിന്നില്‍. സിസോദിയയുടെ അറസ്റ്റ് ഏകാധിപത്യത്തിന്റെ കൊടുമുടിയാണ്. ഒരു ദിവസം മോദിയുടെ സ്വേച്ഛാധിപത്യം അവസാനിക്കുമെന്നും എംപി സഞ്ജയ് സിംഗ് നേരത്തെ പ്രതികരിച്ചിരുന്നു.2021-22ലെ എക്സൈസ് നയം രൂപീകരിക്കുന്നതിലും നടപ്പാക്കിയതിലും അഴിമതി നടത്തിയെന്നാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി സിസോദിയയെ ഞായറാഴ്ച വൈകുന്നേരമാണ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അറസ്റ്റ് ചെയ്തത്. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ സിസോദിയയുടെ മറുപടി തൃപ്തികരമല്ലാത്തതിനാല്‍ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *