കേദാർനാഥ് ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
കേദാർനാഥ് ക്ഷേത്രത്തിൽ എത്തുന്ന തീർത്ഥാടകർക്ക് മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേദാർനാഥിൽ മഞ്ഞുവീഴ്ച അതിശക്തമായതോടെയാണ് സന്ദർശകർക്ക് നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്. തീർത്ഥാടനം ആരംഭിക്കുന്നതിനു മുൻപ് തന്നെ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിശക്തമായ മഞ്ഞുവീഴ്ചയാണ് കേദാർനാഥിൽ അനുഭവപ്പെടുന്നത്.കാലാവസ്ഥ വകുപ്പിന്റെ നിർദ്ദേശങ്ങളും വിവരങ്ങളും അറിഞ്ഞതിനുശേഷം മാത്രമാണ് യാത്ര ആരംഭിക്കാൻ പാടുള്ളൂ എന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. കൂടാതെ, സന്ദർശനത്തിന് അനുമതി ലഭിക്കുന്നവർ കുടകൾ, മഴക്കോട്ടുകൾ എന്നിവ നിർബന്ധമായും കൈവശം വയ്ക്കേണ്ടതാണ്. ആവശ്യമായ മരുന്നുകളും കയ്യിൽ കരുതണം. കേദാർനാഥിലും ബദരീനാഥിലും അസാധാരണ കാലാവസ്ഥാ പ്രതിഭാസമായ മഞ്ഞുവീഴ്ച മെയ് മാസത്തിൽ തുടർച്ചയായി ഉണ്ടാകാറുണ്ട്. ചാർധാം യാത്ര ആരംഭിച്ച് ഒരു മാസത്തിനകം 4 ലക്ഷത്തോളം തീർത്ഥാടകരാണ് ബദരീനാഥ്, കേദാർനാഥ് എന്നിവിടങ്ങൾ സന്ദർശിച്ചത്.