‘ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരം’; മുഖ്യമന്ത്രി
പാലക്കാട് നെമനാറയിൽ ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തിൽ ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നുണ്ടെന്നും നടപടിയിൽ വീഴ്ച വരുത്തിയ പൊലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടിസിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
“ചെന്താമര നടത്തിയ കൊലപാതകങ്ങൾ നിർഭാഗ്യകരം.നിലവിൽ ചെന്താമര റിമാൻഡിലാണ്.ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കാര്യക്ഷമമായ അന്വേഷണം നടക്കുന്നു.2022ൽ ചെന്താമരയ്ക്ക് ജാമ്യം നൽകിയിരുന്നു.കൊല്ലപ്പെട്ട സുധാകരൻ്റെ മകൾ നെന്മാറ പൊലീസിന് അന്ന് പരാതി നൽകി.അന്ന് തന്നെ പോലീസ് ചെന്താമരയെ വിളിച്ച് ജാമ്യാപേക്ഷകൾ പാലിക്കാൻ നിർദ്ദേശം നൽകിയിരുന്നു.നടപടിയിൽ വീഴ്ച വരുത്തിയ പോലീസിൽ ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.”- മുഖ്യമന്ത്രി പറഞ്ഞു. വിഷയം സഭ നിർത്തവെച്ച് ചർച്ച ചെയ്യേണ്ടതില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ വിവാഹ സംഘത്തെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ നടപടിയെടുത്തുവെന്നും പൊലീസുകാർക്കെതിരെ കേസെടുത്തുവെന്നും മുഖ്യമന്ത്രി സഭയിൽ വ്യക്തമാക്കി.വീഴ്ച വരുത്തിയ പൊലീസുകാരെ സസ്പെൻഡ് ചെയ്തുവെന്ന് അറിയിച്ച അദ്ദേഹം ചെറിയ വീഴ്ചകളെ പൊതുവത്കരിച്ച് ചിത്രീകരിക്കുന്നുവെന്നും കൂട്ടിച്ചേർത്തു.