മതാതീത ആത്മീയതിലും മാനവഐക്യത്തിലും ഊന്നിയുളളതാണ് ശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങള്‍- രാം നാഥ് കോവിന്ദ്

Spread the love

പോത്തന്‍കോട് (തിരുവനന്തപുരം) : മതാതീത ആത്മീയതയിലും മാനവ ഐക്യത്തിലും ഊന്നിയുളളതാണ് നവജ്യോതിശ്രീകരുണാകരഗുരുവിന്റെ ദര്‍ശനങ്ങളെന്ന് മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ശാന്തിഗിരി ആശ്രമത്തിലെ തൊണ്ണൂറ്റിയേഴാമത് നവപൂജിതം ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം. ലോകത്തിന് ശാന്തിയും സമാധാനവും ആത്മീയ ഉണര്‍വും പകരാന്‍ ജീവിതം സമര്‍പ്പിച്ച മഹാഗുരുവാണ് നവജ്യോതിശ്രീകരുണാകരഗുരു. ആത്മസാക്ഷാത്കാരം തേടിയുളള ജീവിതയാത്രയിലൂടെ ഗുരു സ്ഥാപിച്ചത് മാനവികതയില്‍ അധിഷ്ടിതമായൊരു ആത്മീയ നവോത്ഥാനകേന്ദ്രമാണ്. തന്നെക്കാണാനെത്തുന്ന അനേകര്‍ക്ക് ഗുരു പകര്‍ന്ന സ്വാന്തനവും മാര്‍ഗ്ഗനിര്‍ദേശവും ഗുരുസ്ഥാനീയ ശിഷ്യപൂജിതയിലൂടെ ലഭിക്കുന്നുവെന്നതാണ് ഇവിടെ ആത്മീയപരിണാമത്തിന്റെ തുടര്‍ച്ച സാധ്യമാക്കുന്നത്. ഗുരു ഉയര്‍ത്തിപ്പിടിച്ച മൂല്യങ്ങളെല്ലാം വരുതലമുറകള്‍ക്ക് വെളിച്ചമാകണമെന്നും ശിഷ്യപൂജിതയെ ദര്‍ശിച്ചപ്പോള്‍ അഗാധമായ ആത്മീയാനുഭൂതി തനിക്കുണ്ടായെന്നും മുന്‍രാഷ്ട്രപതി പറഞ്ഞു. ഭക്ഷ്യമന്ത്രി ജി. ആർ.അനിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മുഖ്യാതിഥിയായി. വാക്കാണ് സത്യം, സത്യമാണ് ഗുരു, ഗുരുവാണ് ദൈവം എന്ന ഗുരുവചനത്തെ അന്വര്‍ത്ഥമാക്കുന്ന കേന്ദ്രമാണ് ശാന്തിഗിരി ആശ്രമമെന്ന് ഗവര്‍ണര്‍ പറഞ്ഞു. മലയാളത്തില്‍ ആരംഭിച്ച പ്രസംഗത്തിനിടെ എല്ലാവര്‍ക്കും അദ്ധേഹം ഓണാശംസകള്‍ നേര്‍ന്നു. ഇന്ത്യയും മിഡില്‍ഈസ്റ്റും തമ്മിലുളള ബിസിനസ് റിലേഷന്‍സ് രംഗത്തെ സംഭാവനകള്‍ക്ക് വി.കെ.എല്‍ & അല്‍-നമല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.വര്‍ഗീസ് കുര്യനെ ചടങ്ങില്‍ ആദരിച്ചു. നവപൂജിതം സുവനീറിന്റെ പ്രകാശനവും നടന്നു. കേരളത്തിലെ ആദ്യ ആര്‍ട്ടിഫിഷ്യന്‍ ഇന്റലിന്‍സ് ഹൈടെക് സ്കൂളായി ശാന്തിഗിരി വിദ്യാഭവന്‍ മാറുന്നതിന്റെ പ്രഖ്യാപനവും 100 വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യ സിവില്‍സര്‍വീസ് പരിശീലനം നല്‍കുന്നതിന്റെയും പ്രഖ്യാപനം രാംനാഥ് കോവിന്ദ് നിര്‍വഹിച്ചു. വേദിക് അക്കാദമി മുന്‍രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും ഓണക്കോടി സമ്മാനിച്ചു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി, ഡയറക്ടര്‍ സ്വാമി നവനന്മ ജ്ഞാന തപസ്വി, മാണിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ, എം.ജി.സര്‍വകലാശാല മുന്‍വൈസ്ചാന്‍സലര്‍ ഡോ.ബാബു സെബാസ്റ്റ്യന്‍,സിന്ദൂരം ചാരിറ്റീസ് ചെയര്‍മാന്‍ സബീർ തിരുമല, ഡോ.കെ.എന്‍. ശ്യാമപ്രസാദ്, ഭാരതീയ ജനതാപാര്‍ട്ടി ജില്ലാ ട്രഷറര്‍ എം.ബാലമുരളി, ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പാനല്‍ ബോര്‍ഡ് അംഗം ജോര്‍ജ്ജ് സെബാസ്റ്റ്യന്‍, ഡോ.പി.എ.ഹേമലത എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. രാവിലെ 9 ന് ആശ്രമത്തിലെത്തിയ മുന്‍രാഷ്ട്രപതി താമരപര്‍ണ്ണശാലയില്‍ പുഷ്പസമര്‍പ്പണം നടത്തിയ ശേഷം ശിഷ്യപൂജിത അമൃതജ്ഞാന തപസ്വിനിയുമായി കൂടിക്കാഴ്ച നടത്തി. സമ്മേളനത്തിനു ശേഷം അദ്ധേഹം ഡല്‍ഹിയിലേക്ക് മടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *