സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150-ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ

Spread the love

പാറ്റ്‌ന: സ്‌കൂള്‍ ഉച്ചഭക്ഷണം കഴിച്ച 150-ഓളം കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധ. ബിഹാറിലെ വെസ്റ്റ് ചമ്പരാനിലെ ബഗാഹ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടത്. ചില വിദ്യാര്‍ത്ഥികള്‍ ബോധരഹിതരായാതായും റിപ്പോര്‍ട്ടുണ്ട്. സംഭവത്തിന് പിന്നാലെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 50-ഓളം വിദ്യാര്‍ത്ഥികളെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് തിരിച്ചയച്ചു. മറ്റ് കുട്ടികള്‍ ചികിത്സയില്‍ തുടരുകയാണ്. അടുത്തുള്ള മറ്റൊരു സ്‌കൂളിലെ കുട്ടികള്‍ക്കും ഉച്ചഭക്ഷണം കഴിച്ചതിന് പിന്നാലെ അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു. അവരെയും ആശുപത്രിയിലെത്തിച്ചതായി സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.സംഭവത്തിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. മൂന്ന് ദിവസത്തിനുള്ളിലെ രണ്ടാമത്തെ സംഭവമാണ് ഇതെന്നും ബിജെപി വ്യക്തമാക്കി. നേരത്തെ മെയ് 29 ന് ബിഹാറിലെ സുപോളിലെ തുന്തി ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളില്‍ ഉച്ചഭക്ഷണം കഴിച്ച് ഛര്‍ദ്ദിയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് 45 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഭീംപൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലായിരുന്നു സംഭവം. ഭക്ഷണം കഴിക്കുമ്പോള്‍ ഒരു വിദ്യാര്‍ത്ഥിയ്ക്ക് തന്റെ പ്ലേറ്റില്‍ നിന്ന് ചത്ത പല്ലിയെ കിട്ടിയിരുന്നു. തുടര്‍ന്ന് നാല് വിദ്യാര്‍ത്ഥികളെ തീവ്രപരിചരണ വിഭാഗത്തിലും പ്രവേശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *