ഹമാസ് ആക്രമണം : ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ

Spread the love

ടെൽ അവീവ്: ഇസ്രായേലിന് ആവശ്യമായ എല്ലാ സഹായവും നൽകാൻ അമേരിക്ക സന്നദ്ധമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഹമാസ് – ഇസ്രയേൽ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിലാണ് ജോ ബൈഡൻ ആശങ്ക രേഖപ്പെടുത്തി സംസാരിച്ചത്. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായിട്ടാണ് അദ്ദേഹം ഫോണിൽ സംസാരിച്ചത്. അമേരിക്കയുടെ പിന്തുണയും ഈ സമയം അറിയിച്ചു.സംഘർഷം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് മധ്യപൂർവേഷ്യയിലെ പ്രധാന രാജ്യങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. സൗദി അറേബ്യയും യുഎഇയും ഖത്തറും ഒമാനും സംഘർഷങ്ങളിൽ ദുഃഖം രേഖപ്പെടുത്തി. മേഖലയിൽ സമാധാനത്തിനും വികസനത്തിനുമുള്ള ശ്രമങ്ങൾ ശക്തി പ്രാപിക്കുന്നതിനിടയിലാണ് അപ്രതീക്ഷിത സംഘർഷം ഉണ്ടായത്.പലസ്തീന്റെ അവകാശങ്ങൾക്കാപ്പം നിൽക്കുക, ഇസ്രയേലുമായി സഹകരിക്കാവുന്ന മേഖലകളിൽ യോജിച്ചു പോവുകയെന്ന നിലപാടായിരുന്നു അറബ് രാജ്യങ്ങൾക്ക് ഇതുവരെ ഉണ്ടായിരുന്നത്. എന്നാൽ ഇസ്രയേലുമായി ഔദ്യോഗിക നയതന്ത്ര ബന്ധം ഇവർക്ക് ഉണ്ടായിരുന്നില്ല. പലസ്തീൻ പ്രശ്നം പരിഹരിച്ചാൽ ഇസ്രയേലുമായി ചർച്ചയാകാമെന്ന് സൗദി വ്യക്തമാക്കിയിരുന്നു. ഇസ്രയേലുമായി വ്യാപാര ബന്ധങ്ങൾ യുഎഇയും മെച്ചപ്പെടുത്തിയിരുന്നു.അപ്രതീക്ഷിതമായി ഉടലെടുത്ത സംഘർഷം അറബ് രാജ്യങ്ങൾക്കും തലവേദനയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കുന്നതായും ഇരുവിഭാഗങ്ങളും സംഘർഷത്തിൽ നിന്ന് പിന്തിരിയണമെന്നും സൗദി അറേബ്യ ആവശ്യപ്പെട്ടു. സംഘർഷത്തിൽ നിന്ന് പിൻവാങ്ങാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് യുഎഇയുടെയും ഖത്തറിന്റെയും ഒമാന്റെയും ആഹ്വാനം.അന്താരാഷ്ട്ര ഉടമ്പടികളും കരാറുകളും പലസ്തീന്റെ അവകാശവും സംരക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്നും ഖത്തർ ആവശ്യപ്പെട്ടു. ഇസ്രയേൽ പൊലീസിന്റെ സാന്നിധ്യത്തിൽ അൽ അഖ്സ പള്ളിയിലുണ്ടായ സംഘർഷമാണ് സ്ഥിതി വഷളാക്കിയതെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.ഇന്ത്യ – മിഡിൽ ഈസ്റ്റ് – യൂറോപ്പ് സാമ്പത്തിക ഇടനാഴി, റെയിൽ – കപ്പൽപ്പാത ഉൾപ്പടെ വമ്പൻ പദ്ധതികൾ ഭാവിയിൽ കൊണ്ടു വരാൻ ജി20 ഉച്ചകോടിയിൽ ധാരണയായി പിരിഞ്ഞിരുന്നു. ഇതിനിടയിലാണ് മേഖല അശാന്തിയിലേക്ക് വഴിമാറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *