ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയിൽ മുന്നോട്ട് പോകും: മന്ത്രി ജി.ആർ അനിൽ

Spread the love

‘ഖാദി പെരുമയിൽ ഇനി നെടുമങ്ങാടും’: ഖാദി ഗ്രാമ സൗഭാഗ്യ ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്തു.ഖാദി, കൈത്തറി വ്യവസായങ്ങൾ പൂർണമായും സർക്കാർ പിന്തുണയോടെ മുന്നോട്ട് പോകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. തൊഴിലാളികളുടെ കൂലി വർധിപ്പിച്ച് മികച്ച രീതിയിൽ വ്യവസായത്തെ ഉയർത്താനുള്ള ശ്രമങ്ങളാണ് ബോർഡ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ഖാദി ഗ്രാമ സൗഭാഗ്യയുടെ നെടുമങ്ങാട് ഷോ റൂമും ക്രിസ്തുമസ് പുതുവത്സര ജില്ലാതല ഖാദി മേളയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസിന്റെ നിയന്ത്രണത്തിൽ നെടുമങ്ങാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിലാണ് പുതിയതായി ഖാദി ഗ്രാമസൗഭാഗ്യ ഷോ റൂം പ്രവർത്തനമാരംഭിച്ചത്. ‘ഖാദി പഴയ ഖാദിയല്ല’ എന്ന സന്ദേശത്തോടെയാണ് പുതിയ ഫാഷനിലുള്ള വസ്ത്രങ്ങൾ ഖാദി ബോർഡ് വിപണിയിൽ എത്തിക്കുന്നത്. ഒരു കുടുംബത്തിൽ ഒരു ജോഡിയെങ്കിലും ഖാദി വസ്ത്രം വാങ്ങണമെന്ന നിർദ്ദേശമാണ് ബോർഡ് മുന്നോട്ട് വെക്കുന്നത്. നെടുമങ്ങാട് ആരംഭിച്ച ഷോ റൂമിൽ കോട്ടൺ,സിൽക്ക് സാരികൾ, ചുരിദാർ ടോപ്പുകൾ, ഷർട്ടുകൾ മുതലായവ 30% വരെ ഗവണ്മെന്റ് റിബേറ്റ് നിരക്കിൽ ലഭ്യമാണ്. കൂടാതെ തേൻ, എള്ളെണ്ണ, മറ്റ് സൗന്ദര്യവർധക വസ്തുക്കൾ എന്നിവയും ഇവിടെയുണ്ട്. നെടുമങ്ങാട് നഗരസഭ ചെയർപേഴ്‌സൺ ശ്രീജ അധ്യക്ഷത വഹിച്ച പരിപാടിയിൽ ഖാദി ബോർഡ് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *