3.80 കോടി പാഠപുസ്തകങ്ങൾ സർക്കാർ വിതരണം ചെയ്തു: മന്ത്രി വി ശിവൻകുട്ടി
3.80 കോടി പാഠപുസ്തകങ്ങളാണ് സംസ്ഥാന സർക്കാർ വിതരണം ചെയ്തതെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. തമ്പകച്ചുവട് ഗവ. യുപി സ്കൂള്‍ കെട്ടിടം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.2016 എൽഡിഎഫ് സർക്കാർ അധികാരത്തിൽ വരുമ്പോൾ കേരളത്തിൻ്റെ പൊതുവിദ്യാഭ്യാസരംഗം മഹാഭൂരിപക്ഷവും അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. ഒരു സ്കൂളുപോലും അടച്ചുപൂട്ടില്ലെന്നും പൂട്ടിയ സ്കൂളുകൾ ഏറ്റെടുക്കുമെന്നും അന്ന് സർക്കാർ തീരുമാനമെടുത്തു. ഇതിൻ്റെ ഭാഗമായി നടപ്പിലാക്കി വരുന്ന പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പുതിയ അധ്യായം എഴുതിച്ചേർത്തു. 45000 ക്ലാസ് മുറികൾ സ്മാർട്ട് ക്ലാസ് മുറികളാക്കിമാറ്റി. പുതിയ കെട്ടിടങ്ങൾ ആധുനിക സൗകര്യങ്ങളോടെയാണ് നിർമിച്ചത്. പാഠപുസ്തക വിതരണം, അധ്യാപക പരിശീലനം, സ്കൂൾ ഉച്ചഭക്ഷണ മെനു പരിഷ്കരണം തുടങ്ങി എല്ലാ രീതിയിലും കുട്ടികളെ പഠിപ്പിക്കുന്നതിനുള്ള സംവിധാനങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.ഒന്നു മുതൽ ഒമ്പതാം ക്ലാസുവരെ മുമ്പ് ഓൾ പ്രമോഷനായിരുന്ന സമ്പ്രദായം അവസാനിപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം ഉയർത്തി. ഏതെങ്കിലും വിഷയത്തിൽ കുട്ടികൾ പിന്നോട്ട് പോയാൽ അതിന്റെ ഉത്തരവാദിത്വം അധ്യാപകർക്കായിരിക്കുമെന്നും ഓരോ അധ്യാപകരും തനിക്ക് അവാർഡ് വേണമെന്ന് നിശ്ചയത്തോടെ പ്രവർത്തിക്കണമെന്നും മന്ത്രി പറഞ്ഞു.പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പദ്ധതിയുടെ ഭാഗമായി കിഫ്ബി, എംഎൽഎ ഫണ്ടിൽ നിന്നും 1.47 കോടി രൂപ വിനിയോഗിച്ചാണ് കെട്ടിട നിർമ്മാണം പൂർത്തീകരിച്ചത്. 4193 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിന്റെ താഴെയും മുകളിലുമുള്ള നിലകളിൽ മൂന്ന് വീതം ക്ലാസ് മുറികളാണ് ഒരുക്കിയിട്ടുള്ളത്. ചടങ്ങിൽ പി പി ചിത്തരഞ്ജൻ എംഎൽഎ അധ്യക്ഷനായി. മണ്ണഞ്ചേരിഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ടി വി അജിത്ത് കുമാർ, ജില്ലാ പഞ്ചായത്തംഗം അഡ്വ. ആർ റിയാസ്, മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി എ ജുമൈലത്ത്, സ്ഥിരംസമിതി അധ്യക്ഷനായ എം എസ് സന്തോഷ്, കെ പി ഉല്ലാസ്, ഉദയമ്മ, ആര്യാട് ബ്ലോക്ക് പഞ്ചായത്തംഗം ടി കെ ശരവണൻ, ഗ്രാമപഞ്ചായത്തംഗങ്ങളായ ലതിക ഉദയൻ, ദീപ സുരേഷ്, ആര്യാട് സബ് ഡിവിഷൻ അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ എസ് സബിത, ചേർത്തല എഇഒ എൽ ജയലക്ഷ്മി, എസ്എസ്കെ ചേർത്തല ബിപിസി പി എസ് ബിജി, എച്ച്എം എം ഉഷാകുമാരി, പിടിഎ പ്രസിഡൻ്റ് ഇ കെ ജ്യോതിഷ്കുമാർ, പിടിഎ വൈസ് പ്രസിഡൻ്റ് സി എ സൈദ്, എസ്എംസി വൈസ് ചെയർമാൻ വി വിജയകുമാർ, കണക്കൂർ ദേവസ്വം പ്രസിഡൻ്റ് പി ബാലമുരളി, അധ്യാപക പ്രതിനിധി വി ആർ ബിന്ദു, മറ്റു ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.