യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി
ചെന്നൈ: തമിഴ്‌നാട് കോയമ്പത്തൂരില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് കാലില്‍ വെടിവെച്ച് പിടികൂടി. ഇന്നലെ കോടതി പരിസരത്തുവച്ചായിരുന്നു കൊലപാതകം. പിടികൂടിയ അഞ്ച് പ്രതികളില്‍ രണ്ടുപേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് പൊലീസ് കാലില്‍ വെടി വച്ചത്.കൊലപാതകം ഉള്‍പ്പെടെയുള്ള വിവിധ കേസുകളില്‍ ജാമ്യത്തിലിറങ്ങിയ കീരനാഥം സ്വദേശി ഗോകുലിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ അഞ്ചു പേരെയാണ് പൊലിസ് നീലഗിരിയിലെ കോത്തഗിരിയില്‍ വച്ച് അറസ്റ്റു ചെയ്തത്. കോയമ്പത്തൂര്‍ സ്വദേശികളായ സൂര്യ, ഗൗതം, ജോഷ്വ, ഉണ്ണികൃഷ്ണന്‍, കവാസകന്‍ എന്നിവരാണ് പിടിയിലായത്. ഇതില്‍, ജോഷ്വയും ഗൗതമും ഓടി രക്ഷപ്പെടാന്‍ ശ്രമിയ്ക്കുന്നതിനിടെയാണ് പൊലീസ് വെടിവെച്ചത്.ഇന്നലെയാണ് കോയമ്പത്തൂര്‍ കോടതി പരിസരത്തു വച്ച് ഗോകുലിനെ പ്രതികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. ഒപ്പമുണ്ടായിരുന്ന മനോജിനും വെട്ടേറ്റിരുന്നു. 2021ല്‍ രതിനാപുരം സ്വദേശി ശ്രീരാമിനെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യം നേടി കോടതിയില്‍ നിന്ന് പുറത്തിറങ്ങയപ്പോഴായിരുന്നു ആക്രമണം. കേസില്‍ ഇനിയും പ്രതികളുണ്ടെന്ന് കോയമ്പത്തൂര്‍ പൊലീസ് അറിയിച്ചു.