ബഹു. ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതിമന്ത്രിഡോ. ആർ ബിന്ദുവിന്റെവാർത്താസമ്മേളനം
11.09.2025
വാർത്താക്കുറിപ്പ് – 2
*
ഉന്നതവിദ്യാഭ്യാസത്തിലെ ഗുണനിലവാരത്തിന്റെയും മികവിന്റെയും മഹോത്സവമായി എക്സലൻഷ്യ 2025 അരങ്ങേറുകയാണ്. കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാരവും ഉത്തരവാദിത്തവും നവോത്ഥാനവും ശക്തിപ്പെടുത്തുന്നതിൽ സർക്കാരിനുള്ള പ്രതിബദ്ധത വ്യക്തമാക്കുന്ന ജ്ഞാനോത്സവമാകും എക്സലൻഷ്യ 2025. 2025 സെപ്റ്റംബർ 15–16 തിയ്യതികളിൽ തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് എക്സലൻഷ്യ 2025.
ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ സ്റ്റേറ്റ് ലെവൽ ക്വാളിറ്റി അഷ്വറൻസ് സെൽ (SLQAC Kerala) ഒരുക്കുന്ന എക്സലൻഷ്യ 2025, ഉന്നതവിദ്യാഭ്യാസ-സാമൂഹിക നീതി മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. നാക്ക് (NAAC) അഡ്വൈസർ ഡോ. ദേവേന്ദർ കാവഡേ മുഖ്യപ്രഭാഷണം നടത്തും. അക്കാദമിക് നേതൃത്വവും സംസ്ഥാന ആസൂത്രണബോർഡ് പ്രതിനിധികളും നയരൂപകർത്താക്കളും സംസ്ഥാനത്തെ വിവിധ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ രംഗത്തെ ഗുണ ഔന്നത്യവും അക്കാദമിക് മികവും ആഘോഷിക്കുന്നതിനുള്ള അപൂർവ്വ വേദി ആയാണ് എക്സലൻഷ്യ 2025 ഒരുക്കുന്നത്. NAAC A++, A+, A ഗ്രേഡ് നേടിയ സ്ഥാപനങ്ങളെയും NIRF/KIRF മുന്നേറ്റ സ്ഥാപനങ്ങളെയും ‘മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ്’ സമ്മാനിച്ചുകൊണ്ട് ആദരിക്കും. കൂടാതെ, ഗുണനിലവാര വർദ്ധനയ്ക്കുള്ള മികച്ച പ്രവർത്തനരീതികൾ പങ്കിടുന്ന ചർച്ചകളും സംവാദങ്ങളും ഈ ജ്ഞാനോത്സവത്തിൽ നടക്കും. ഉന്നതവിദ്യാഭ്യാസ മേഖലയിൽ ഗുണനിലവാര സംസ്കാരത്തെ ശക്തിപ്പെടുത്തുന്ന വിധത്തിലാണ് എക്സലൻഷ്യ സംവിധാനം ചെയ്‌തിരിക്കുന്നത്. വൈസ് ചാൻസലർമാർ, രജിസ്ട്രാർമാർ, പ്രിൻസിപ്പൽമാർ, ഉന്നത ഭരണാധികാരികൾ, അധ്യാപകർ തുടങ്ങി ആയിരത്തിലധികം പ്രതിനിധികൾ എക്സലൻഷ്യയിൽ പങ്കാളികളാകും.
സെപ്റ്റംബർ 15-ന് ടാഗോർ തിയേറ്ററിൽ ഉദ്ഘാടച്ചടങ്ങിനും മിനിസ്റ്റേഴ്സ് എക്സലൻസ് അവാർഡ് സമ്മാനിക്കലിനും പുറമെ, ദേശീയ തലത്തിലുള്ള വിദഗ്ധർ പങ്കെടുക്കുന്ന സെഷനുകളും നടക്കും. സെപ്റ്റംബർ 16-ന് മാർ ഇവാനിയോസ് കോളേജ് ക്യാമ്പസിലാണ് എക്സലൻഷ്യ തുടരുക. ഇവിടെ ഗിരിദീപം ഓഡിറ്റോറിയത്തിൽ IQAC കോഓർഡിനേറ്റർമാർക്കും ഡയറക്ടർമാർക്കും വേണ്ടി സംസ്ഥാനതല ശില്പശാല നടക്കും. സമാപനച്ചടങ്ങിൽ IQAC കോഓർഡിനേറ്റർമാർക്കായുള്ള വാർഷിക ആക്ഷൻ പ്ലാൻ പുറത്തിറക്കും.