ജമ്മു കാശ്മീരിനെ ഫിലിം ടൂറിസം മേഖലയാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ്
ഭൂപ്രകൃതി കൊണ്ട് അതിമനോഹരമായ ജമ്മു കാശ്മീരിനെ ഫിലിം ടൂറിസം മേഖലയാക്കി മാറ്റാനൊരുങ്ങി കേന്ദ്ര സാംസ്കാരിക ടൂറിസം വകുപ്പ്. ശ്രീനഗറിൽ ജി-20 ഉച്ചകോടിയുടെ ഭാഗമായ ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിങ്ങിനിടെയാണ് കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ജി. കിഷൻ റെഡി ഇതു സംബന്ധിച്ച പ്രഖ്യാപനങ്ങൾ നടത്തിയത്. ശ്രീനഗറിനെയും, ജമ്മുകാശ്മീരിനെ മൊത്തത്തിലും പ്രധാന സിനിമാ ലോക്കേഷനാക്കി മാറ്റാനാണ് പദ്ധതിയിടുന്നത്.കാശ്മീരിലേക്ക് ഷൂട്ടിംഗിന് എത്തുന്ന സംവിധായകർക്ക് എല്ലാ സൗകര്യങ്ങളും ലഭ്യമാക്കാൻ കേന്ദ്ര സർക്കാരും കാശ്മീർ സർക്കാരും സഹായ- സഹകരണങ്ങൾ ഉറപ്പുവരുത്തുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്. ‘സിനിമ ചിത്രീകരണത്തിന് കാശ്മീരിനെക്കാൾ മികച്ച മറ്റൊരു സ്ഥലമില്ല. പ്രണയ രംഗങ്ങൾ ചിത്രീകരിക്കാനുള്ള ലോകത്തിലെ ഏറ്റവും മികച്ച സ്ഥലം കൂടിയാണ് കാശ്മീർ’, ഇന്ത്യയുടെ ഷെർപ്പ അമിതാഭ് കാന്ത് പറഞ്ഞു. ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദ് ചെയ്തതിനുശേഷം ആദ്യമായാണ് അന്താരാഷ്ട്ര പരിപാടി ഇവിടെ സംഘടിപ്പിക്കുന്നത്.