കെഎസ്ആർടിസി സ്വിഫ്ട് സർവീസിന് ഏർപ്പെടുത്തിയ പ്രത്യേക ഓൺലൈൻ ബുക്കിംഗിൽ കനത്ത നഷ്ടം
തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്ട് സർവീസിന് ഏർപ്പെടുത്തിയ പ്രത്യേക ഓൺലൈൻ ബുക്കിംഗിൽ കനത്ത ഇടിവ്. അടുത്തിടെ സ്വിഫ്ട് സർവീസിന് പ്രത്യേക വെബ്സൈറ്റ് ഏർപ്പെടുത്തിയിരുന്നു. എന്നാൽ, പുതിയ വെബ്സൈറ്റിനെ കുറിച്ച് യാത്രക്കാരെ അറിയിക്കുന്നത് ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ പാളിയതോടെയാണ് ബുക്കിംഗ് കുത്തനെ ഇടിഞ്ഞത്. ഇത് വലിയ തോതിൽ വരുമാന നഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം, കെഎസ്ആർടിസിയുടെ പിഴവ് ഇത്തവണ നേട്ടമായത് സ്വകാര്യ ബസുകൾക്കാണ്. ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കാത്തതോടെ നിരവധിയാളുകളും സ്വകാര്യ ബസ് സർവീസുകളെയാണ് ആശ്രയിച്ചിട്ടുള്ളത്.സാധാരണയായി വേനലവധിക്കാലത്ത് യാത്രക്കാരുടെ എണ്ണം ക്രമാതീതമായി ഉയരാറുണ്ട്. ഈ സാഹചര്യത്തിൽ ബുക്കിംഗ് സംവിധാനത്തിൽ ഉണ്ടായ മാറ്റങ്ങളാണ് ജനങ്ങളെ വലച്ചത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ പഴയ വെബ്സൈറ്റാണ് ഭൂരിഭാഗം ആളുകളും സന്ദർശിച്ചിരുന്നത്. പഴയ വെബ്സൈറ്റിൽ സ്വിഫ്ടിന് പ്രത്യേകം ബുക്ക് ചെയ്യണമെന്ന് സന്ദേശം രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും, ഇവ ജനങ്ങളിലേക്ക് എത്തിയിട്ടില്ല. ഏപ്രിൽ വരെ കെഎസ്ആർടിസിയുടെ വെബ്സൈറ്റിലാണ് സിഫ്ട് സർവീസുകളും ബുക്ക് ചെയ്യാൻ സാധിച്ചിരുന്നത്. നിലവിൽ, https://onlineksrtcswift.com എന്ന വെബ്സൈറ്റ് മുഖാന്തരമാണ് ബുക്ക് ചെയ്യാൻ സാധിക്കുക.