കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് പിടിയിൽ
തിരുവനന്തപുരം: റെയിൽവേ സ്റ്റേഷനുകൾ മാത്രം കേന്ദ്രീകരിച്ചു മൊബൈൽ ഫോണുകൾ മോഷ്ടിക്കുന്ന കുപ്രസിദ്ധ അന്തർ സംസ്ഥാന മോഷ്ടാവ് ആസാദ് മിയ(22) ആർ. പി. എഫി ൻ്റെ പിടിയിൽ.പശ്ചിമ ബംഗാളിലെ മാൾഡ യാണ് സ്വദേശിയായപ്രതിയുടെ കൈയിൽ നിന്ന് മറ്റ് മൊബൈലുകളും കണ്ടെടുത്തു. തിരുവനന്തപുരത്തുനിന്ന് കന്യാകുമാരിക്കും കന്യാകുമാരിയിൽ നിന്ന് കൊല്ലത്തിനും തിരുവനന്തപുരത്തുനിന്നും ബാംഗ്ലൂരിലും പോകുന്ന ട്രെയിനുകളിലാണ് ഇയാൾ സ്ഥിരമായി മൊബൈലുകൾ അടിച്ചു മാറ്റുന്നത്. തിരുവനന്തപുരത്തു നിന്നും പകൽ സമയങ്ങളിൽ മാത്രം പുറപ്പെടുന്ന ട്രെയിനുകളിലെ യാത്രക്കാരെയാണ് ഇയാൾ ഉന്നം വയ്ക്കുന്നത്. തിരക്കുള്ള ട്രെയിനുകളിൽ കയറുന്ന സ്ത്രീകളുടെ ബാഗിൽ നിന്നും പുരുഷന്മാരുടെ പോക്കറ്റുകളിൽ നിന്നും അതി വിദഗ്ധമായി മൊബൈലുകൾ അടിച്ചുമാറ്റാൻ ഈ പ്രതിക്ക് പ്രത്യേക കഴിവ് തന്നെയാണ്. ജനറൽ കോച്ചിൽ യാത്രക്കാർക്കൊപ്പം പ്രവേശിക്കുന്ന ഇയാൾ കൃത്യനിർവഹണത്തിന് ശേഷം ട്രെയിനിൽനിന്ന് അതിവേഗം പുറത്തിറങ്ങി അതിവേഗത്തിൽ റെയിൽവേ സ്റ്റേഷൻ പരിധിവിട്ട് പുറത്തു പോകുന്നതാണ് ഇയാളുടെ മറ്റൊരു രീതി.മോഷ്ടിക്കുന്ന മൊബൈലുകൾ കുറഞ്ഞ വിലയിൽ അതിഥിതൊഴിലാളികൾക്ക് മറിച്ച് വിറ്റ് ലഭിക്കുന്ന തുക സ്മാഗ് എന്ന ലഹരിപദാർത്ഥം വാങ്ങി ഉപയോഗിക്കുന്ന ഇയാൾ തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലും ഉള്ള കടത്തിണ്ണകളിൽ അന്തിയുറങ്ങി വീണ്ടും മോഷണത്തിനായി തയ്യാറെടുക്കുന്നു. സ്ഥിരമായി രണ്ട് ഉടുപ്പ് ധരിക്കുന്ന ഇയാൾ മോഷണശേഷം തിരികെ പോകുമ്പോൾ താൻ ധരിച്ചിരുന്ന ഉടുപ്പ് മാറുന്നതിനാൽ ഇയാളെ സി സി ടി വിയിൽ പോലും തിരിച്ചറിയുക അസാധ്യമാണ്. ആർ. പി എഫ് തിരുവനന്തപുരം ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫ യുടെ പ്രത്യേക നിർദ്ദേശത്തിൽ ആർ. പി എഫ് തിരുവനന്തപുരം ഇൻസ്പെക്ടർ ബി. എൽബിനുകുമാർ, തിരുവനന്തപുരം ജി ആർ. പി എസ് എച്ച് ഒ ടി.ഡി ബിജു, ഷിജു, ക്രൈം ഇൻ്റലിജൻസ് ബ്രാഞ്ച് സബ് ഇൻസ്പെക്ടർ പ്രൈസ് മാത്യു,ഫിലിപ്സ് ജോൺ,ജോജി ജോസഫ്,ഹെഡ് കോൺസ്റ്റബിൾമാരായ ജോസ്.എസ് വി , വിനോദ് എന്നിവർ ചേർന്ന സംഘമാണ് പവ്വർ ഹൗസ് റോഡ് വഴി പുറത്ത് കടക്കാൻ ശ്രമിക്കുന്നതിനിടയിൽ പ്രതിയെ നാടകീയമായി പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.