കർണാടകത്തിൽ തിരക്കിട്ട ചർച്ചയ്ക്കൊടുവിൽ മുഖ്യമന്ത്രി ആരെന്ന് ഇന്ന് സോണിയ പ്രഖ്യാപിച്ചേക്കും

Spread the love

ന്യൂഡല്‍ഹി: കര്‍ണാടകത്തില്‍ മുഖ്യമന്ത്രിപദം പങ്കുവെക്കലിനെച്ചൊല്ലിയുള്ള തര്‍ക്കം നീളുന്നു. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണയുള്ള മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ആദ്യ രണ്ടുവര്‍ഷ ഊഴം നല്‍കാനാണ് ഹൈക്കമാന്‍ഡിന് താത്പര്യം. എന്നാല്‍, കോണ്‍ഗ്രസ് വിജയത്തില്‍ മുഖ്യപങ്കുവഹിച്ച പി.സി.സി. അധ്യക്ഷന്‍കൂടിയായ ഡി.കെ. ശിവകുമാര്‍ മുഖ്യമന്ത്രിപദവി ആവശ്യത്തില്‍നിന്ന് പിന്നാട്ടുപോകാന്‍ തയ്യാറായില്ല. ഇതോടെ വിഷയം സോണിയാഗാന്ധിയുടെ മധ്യസ്ഥതയിലേക്ക് വിടാന്‍ അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തീരുമാനിച്ചു.രാഹുല്‍ഗാന്ധിയുമായും സോണിയാ ഗാന്ധിയുമായും ഒരിക്കല്‍ക്കൂടി ഖാര്‍ഗെ ചര്‍ച്ചനടത്തും. ബുധനാഴ്ച ഉച്ചയോടെയെങ്കിലും ബെംഗളൂരുവില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവുംവിധം തിരക്കിട്ട കൂടിയാലോചനകളാണ് ന്യൂഡല്‍ഹിയില്‍ നടക്കുന്നത്. വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ സത്യപ്രതിജ്ഞ നടത്തുകയാണ് ലക്ഷ്യം.ആദ്യരണ്ടുവര്‍ഷം സിദ്ധരാമയ്യക്കും പിന്നീടുള്ള മൂന്നുവര്‍ഷം ശിവകുമാറിനും നല്‍കി പ്രശ്‌നം പരിഹരിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമം. എന്നാല്‍, ഇക്കാര്യത്തില്‍ സോണിയാഗാന്ധിയില്‍നിന്ന് രേഖാമൂലമുള്ള ഉറപ്പ് ശിവകുമാര്‍ ആവശ്യപ്പെട്ടതായി അറിയുന്നു.ശിവകുമാറുമായും സിദ്ധരാമയ്യയുമായും ഖാര്‍ഗെ ചൊവ്വാഴ്ച വൈകീട്ട് അരമണിക്കൂര്‍വീതം ചര്‍ച്ചനടത്തി. അഞ്ചേകാലോടെ ശിവകുമാറും ആറുമണിയോടെ സിദ്ധരാമയ്യ മകന്‍ യതീന്ദ്ര, എം.എല്‍.എ.മാരായ സമീര്‍ അഹമ്മദ്, ഭൈരതി സുരേഷ്, മുതിര്‍ന്ന നേതാവ് കെ.ജെ. ജോര്‍ജ് എന്നിവര്‍ക്കൊപ്പവുമെത്തി. തന്റെ അവസാന തിരഞ്ഞെടുപ്പാണിതെന്നും ഇനിയൊരു മത്സരത്തിനില്ലെന്നും അതിനാല്‍ മുഖ്യമന്ത്രിപദം വേണമെന്നും 75-കാരനായ സിദ്ധരാമയ്യ ആവശ്യപ്പെട്ടു. രണ്ടുവര്‍ഷത്തിനുശേഷം പദവി ശിവകുമാറിനു നല്‍കാന്‍ തയ്യാറാണെന്നും അറിയിച്ചു.എം.എല്‍.എ.മാര്‍ക്കിടയില്‍ സിദ്ധരാമയ്യക്കുള്ള മുന്‍തൂക്കം ഖാര്‍ഗെ ശിവകുമാറിനെ ധരിപ്പിച്ചു. വിജയത്തില്‍ ശിവകുമാറിന്റെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ച അദ്ദേഹം രണ്ടുവര്‍ഷം, മൂന്നുവര്‍ഷം എന്ന വ്യവസ്ഥ മുന്നോട്ടുവെച്ചു. ഇക്കാര്യത്തില്‍ ഉറപ്പുവേണമെന്നും ഒരു ഉപമുഖ്യമന്ത്രിയേ ആകാവൂ എന്നും ശിവകുമാര്‍ നിബന്ധനവെച്ചു. ഇതോടെ ഹൈക്കമാന്‍ഡിനുമുന്നിലെ പ്രതിസന്ധി മൂര്‍ച്ഛിച്ചു. പിന്നില്‍നിന്ന് കുത്താനോ രാജിവെക്കാനോ താന്‍ ഒരുങ്ങില്ലെന്നും ശിവകുമാര്‍ അറിയിച്ചതുമാത്രമാണ് ആശ്വാസം.പി.സി.സി. പദവിക്കൊപ്പം ഉപമുഖ്യമന്ത്രിസ്ഥാനം, ആഭ്യന്തരവകുപ്പ്, ഒപ്പമുള്ളവര്‍ക്ക് നിര്‍ണായക കാബിനറ്റ് പദവികള്‍ എന്നിവ മുഖ്യമന്ത്രിസ്ഥാനത്തില്‍നിന്ന് മാറിനില്‍ക്കാന്‍ ശിവകുമാര്‍ മുന്നോട്ടുവെച്ചിരുന്നു. ഇതു നല്‍കാന്‍ തയ്യാറാവുന്ന സ്ഥിതിയിലാണ് ഹൈക്കമാന്‍ഡെങ്കിലും ശിവകുമാര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.ചൊവ്വാഴ്ച രാവിലെ രാഹുല്‍ഗാന്ധി ഖാര്‍ഗെയുടെ വസതിയിലെത്തി ഒരു മണിക്കൂറോളം ചര്‍ച്ചനടത്തി. കെ.സി. വേണുഗോപാല്‍, കര്‍ണാടകയുടെ ചുമതലയുള്ള രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരും സന്നിഹിതരായി. കൂടുതല്‍ എം.എല്‍.എ.മാരുടെ പിന്തുണയുള്ള സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കണമെന്നാണ് രാഹുലിനും വേണുഗോപാലിനും അഭിപ്രായമെങ്കിലും കര്‍ണാടകയുടെ രാഷ്ട്രീയം കൃത്യമായറിയുന്ന ഖാര്‍ഗെതന്നെ മുഖ്യമന്ത്രിക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ മതിയെന്ന് രാഹുല്‍ അറിയിച്ചു. സുര്‍ജേവാല ഇക്കാര്യത്തില്‍ വ്യക്തമായ തീരുമാനം പറഞ്ഞില്ല.ഷിംലയിലുള്ള സോണിയ ഡല്‍ഹിയിലെത്തിയശേഷമാവും ഖാര്‍ഗെ ചര്‍ച്ച നടത്തുക. കേന്ദ്രനേതൃത്വം ശിവകുമാറിനെയും സിദ്ധരാമയ്യയെയും വീണ്ടും കണ്ടശേഷമാവും പ്രഖ്യാപനം.40 ശതമാനം കമ്മിഷന്‍ സര്‍ക്കാരെന്ന് ബി.ജെ.പി.യെ പരിഹസിച്ച് അധികാരത്തിലെത്തിയശേഷം ഇ.ഡി. കേസുകളുള്ള ശിവകുമാറിനെ മുഖ്യമന്ത്രിയാക്കിയാല്‍ അത് ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് തിരിച്ചടിക്കാനുള്ള ആയുധമാവുമെന്ന് സിദ്ധരാമയ്യയുടെ അനുകൂലികള്‍ കേന്ദ്രനേതൃത്വത്തെ അറിയിച്ചു. എന്നാല്‍, പ്രതിപക്ഷ നേതാക്കളെ ഇ.ഡി.യെ ഉപയോഗിച്ച് കുടുക്കാന്‍ ശ്രമിക്കുന്നു എന്ന പ്രചാരണം നടത്തിയാണ് ശിവകുമാര്‍ വന്‍ഭൂരിപക്ഷം നേടി ജയിച്ചതെന്ന് അദ്ദേഹത്തെ അനുകൂലിക്കുന്ന എം.എല്‍.എ.മാരും ഹൈക്കമാന്‍ഡ് നിരീക്ഷകരോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *