മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: മുസ്ലിം ലീഗ് ഉൾപ്പെടെയുള്ള പാർട്ടികളെ നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. സമാനമായ ഹർജി ഡൽഹി ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്ന വാദം ചൂണ്ടിക്കാട്ടിയാണ് ഹർജി സുപ്രീം കോടതി തള്ളിയത്. ജസ്റ്റിസ് എം ആർ ഷാ, ജസ്റ്റിസ് അഹ്സാനുദ്ദീൻ അമാനുള്ള എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് വിധി.മതപരമായ ചിഹ്നവും പേരും ഉപയോഗിക്കുന്ന പാർട്ടികളെ നിരോധിക്കണം എന്നാവശ്യപ്പെട്ട് യുപി ഷിയ വഖഫ് ബോർഡ് മുൻ ചെയർമാനായിരുന്ന സൈദ് വസീം റിസ്വിയാണ് ഹർജി നൽകിയത്. പിന്നീട് ഇയാൾ ഹിന്ദുമതം സ്വീകരിക്കുകയായിരുന്നു. ഹർജിക്കാരൻ ചില പാർട്ടികളെ മാത്രമാണ് ലക്ഷ്യം വെയ്ക്കുന്നതെന്ന് കോടതിയിൽ വാദിച്ച ലീഗ് എന്തുകൊണ്ട് ശിവസേന അകാലികൾ തുടങ്ങിയ പാർട്ടികളെ കേസിൽ ഉൾപ്പെടുത്തുന്നില്ലെന്നും ആരാഞ്ഞു. മാത്രമല്ല ഭരണകക്ഷിയായ ബിജെപിയുടെ ചിഹ്നം താമരയാണെന്നും താമര ഹിന്ദുമത ചിഹ്നമാണെന്നും ലീഗ് കോടതിയിൽ ചൂണ്ടിക്കാട്ടി. ഹൈക്കോടതിയിൽ പരിഗണനയിലിരിക്കെ സുപ്രീംകോടതിയിൽ വരുന്നത് ശരിയല്ലെന്നും, ഹർജി നിലനിൽക്കില്ലെന്നും കെ കെ വേണുഗോപാൽ വാദിച്ചു. വാദത്തെ ശരിവെച്ച സുപ്രീംകോടതി ഹർജി തള്ളുകയായിരുന്നു.