വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് കിണറ്റിൽ വീണ കരടി ചത്തു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ കരടിയെ പുറത്തെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃഗഡോക്ടർ എത്തി രണ്ട് തവണ കരടിയെ മയക്കുവെടി വെച്ചിരുന്നു. തുടർന്ന് അബോധാവസ്ഥയിലായ കരടി വെള്ളത്തിൽ മുങ്ങുകയായിരുന്നു. ഒരു മണിക്കൂറോളം നേരമാണ് കരടി വെള്ളത്തിനടിയിൽ കിടന്നത്.മൂന്ന് പേർ കരടിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങിയെങ്കിലും ശ്വാസം മുട്ടിയത് കാരണം തിരിച്ച് കയറുകയായിരുന്നു.കരടിയെ ജീവനോടെ പുറത്തെടുക്കാമെന്ന കാര്യത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർക്കും സംശയമുണ്ടായിരുന്നു. ഇത്രയും നേരം വെള്ളത്തിൽ കിടന്നതിനാൽ ജീവനുണ്ടാകുമോ എന്ന് സംശയമാണെന്ന് മൃഗഡോക്ടറും പറഞ്ഞിരുന്നു. ഫയർ ഫോഴ്സ് ഉദ്യോഗസ്ഥർ കിണറ്റിലിറങ്ങിയാണ് കരടിയെ പുറത്തെത്തിച്ചത്.അന്നമണി വീട്ടിലെ അരുണിന്റെ കിണറിലാണ് കരടി വീണത്. ഇന്നലെ രാത്രിയാണ് വീട്ടുകാർ കിണറ്റിൽ കരടിയെ കണ്ടത്. കോഴികളെ പിടികൂടാനായി എത്തിയ കരടി കിണറിൽ വീഴുകയായിരുന്നു.