കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
കരിപ്പൂർ വിമാനത്താവളത്തിൽ 9 കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി. അബുദാബിയിൽ നിന്ന് കൊണ്ടുവന്ന 18 കിലോ ഹൈബ്രിഡ് കഞ്ചാവാണ് പൊലീസ് പിടികൂടിയത്. മട്ടന്നൂർ സ്വദേശികളായ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കൈപ്പറ്റാൻ എത്തിയവരാണ് അറസ്റ്റിലായത്. രക്ഷപ്പെട്ട യാത്രക്കാരനായി പൊലീസ് അന്വേഷണം ആരംഭിച്ചു.
അതേസമയം, നെടുമ്പാശ്ശേരിയിൽ 24 കിലോ കഞ്ചാവുമായി ഇതര സംസ്ഥാനക്കാരായ നാലുപേർ പോലീസ് പിടിയിലായി. ഇന്നലെ രാത്രി 12 മണിയോടെ അത്താണി കവലയിൽ നിന്നും ഡാൻസാഫ് സംഘമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. അങ്കമാലിയിൽ നിന്നും ഓട്ടോറിക്ഷയിൽ കാക്കാനാട്ടേക് കടത്താൻ ശ്രമിച്ച കഞ്ചാവാണ് പൊലീസ് പിടികൂടിയത്. സൈക്കിളിന് കാറ്റടിക്കുന്ന പമ്പിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ഫയർഫോഴ്സ് എത്തി പമ്പ് മുറിച്ചാണ് കഞ്ചാവ് പുറത്തെടുത്തത്. ബംഗാൾ സ്വദേശികളായ പ്രതികൾ മുർഷിദാബാദിൽ നിന്നുമാണ് കഞ്ചാവ് കൊണ്ടുവന്നത്.