ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; ഒരു ഭീകരനെ വധിച്ചു
ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഏറ്റുമുട്ടൽ. സൈന്യം ഒരു ഭീകരനെ വധിച്ചു. കൂടുതൽ പേർ ഒളിച്ചിരിക്കുന്നതായി സൂചനയുണ്ട്. പ്രദേശത്ത് സൈന്യം തിരച്ചിൽ ഊർജിതമാക്കി. ഭീകരരും സുരക്ഷാ സേനയും തമ്മിൽ തുടർച്ചയായ വെടിവയ്പ്പ് നടക്കുകയാണ്.
പോലീസ്, സൈന്യം, സിആർപിഎഫ് എന്നിവരുടെ സംയുക്ത സംഘം പ്രദേശത്ത് വളഞ്ഞും തിരച്ചിൽ നടത്തിയതോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. സംശയാസ്പദമായ സ്ഥലത്തേക്ക് സൈന്യം അടുക്കുമ്പോൾ, പ്രദേശത്ത് ഒളിച്ചിരുന്ന തീവ്രവാദികൾ വെടിയുതിർത്തു, സുരക്ഷാ സേന തിരിച്ചടിച്ചു. രണ്ടോ മൂന്നോ തീവ്രവാദികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഏപ്രിൽ 22-ന് നടന്ന പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെന്ന് കരുതപ്പെടുന്ന മൂന്ന് പാകിസ്ഥാൻ ഭീകരരുടെ പോസ്റ്ററുകൾ സുരക്ഷാ ഏജൻസികൾ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം. ഷോപ്പിയാൻ ജില്ലയിലെ പല സ്ഥലങ്ങളിലും പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. വിശ്വസനീയമായ എന്തെങ്കിലും വിവരങ്ങൾ നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.