കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം : 8 മരണം
ചെന്നൈ: കാഞ്ചീപുരത്ത് പടക്കശാലയിലുണ്ടായ സ്ഫോടനത്തില്‍ എട്ട് മരണം. അപകടത്തില്‍ 24 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് അപകടമുണ്ടായത്. അഞ്ചുപേര്‍ സംഭവസ്ഥലത്തുതന്നെ മരിച്ചതായാണ് വിവരം. മൂന്ന് പേര്‍ ചെങ്കല്‍പ്പേട്ടിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.പടക്കനിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി സാമഗ്രികള്‍ ഗോഡൗണിലുണ്ടായിരുന്നു. എന്നാല്‍ ഇതില്‍ നിന്ന് എങ്ങിനെയാണ് തീ പടര്‍ന്നതെന്ന് വ്യക്തമല്ല. അഞ്ച് ഗോഡൗണുകളാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവിടെ 40-ഓളം തൊഴിലാളികള്‍ ജോലി ചെയ്തിരുന്നു. ഇതില്‍ നാല് ഗോഡൗണുകള്‍ക്കാണ് തീപ്പിടിച്ചത്.നിലവില്‍ 24 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ പത്ത് പേരുടെ നില അതീവ ഗുരുതരമാണെന്നാണ് പോലീസ് പറയുന്നത്. ഇവരെ ചെന്നൈ കില്‍പാക്കം സര്‍ക്കാര്‍ ആശുപത്രിയില്‍ വിദഗ്ധ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിട്ടുണ്ട്.പടക്കശാലയുമായി ബന്ധപ്പെട്ട ലൈസന്‍സ് കാലാവധി 2024 വരെയുണ്ടെന്നാണ് വ്യക്തമാകുന്നത്. സുരക്ഷാക്രമീകരണങ്ങള്‍ പാലിച്ചാണോ ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നതെന്ന് പോലീസും അഗ്‌നിരക്ഷാസേനയും പരിശോധിക്കുന്നുണ്ട്.