സംസ്ഥാനത്ത് ഇന്ന് റമദാന്‍ വ്രതാരംഭം

Spread the love

ഇസ്ലാമിക മതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആചാരങ്ങളിലൊന്നാണ് റമദാന്‍ നോമ്പ്. ഖുര്‍ആനിലെ ആദ്യ സൂക്തങ്ങള്‍ അല്ലാഹു അവതരിപ്പിച്ചത് റമദാന്‍ മാസത്തിലാണെന്നാണ് വിശ്വസിക്കപ്പെടുന്നത്. റമദാന്‍ നോമ്പില്‍ വിശ്വാസികള്‍ സൂര്യോദയം മുതല്‍ അസ്തമയം വരെ ഭക്ഷണം, പാനീയങ്ങള്‍, മറ്റ് വിനോദ പരിപാടികള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു. ആത്മനിയന്ത്രണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ഈ ഉപവാസം ഓര്‍മ്മിപ്പിക്കുന്നു. റമദാന്‍ നോമ്പ് എടുക്കുന്നതിലൂടെ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.മാസപ്പിറവി ദൃശ്യമായതിന് പിന്നാലെ സംസ്ഥാനത്ത് റംസാന്‍ വ്രതം ആരംഭിച്ചു. ഇന്നലെയാണ് കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചത്. സൗദി അറേബ്യ, യു.എ.ഇ, കുവൈത്ത്, ബഹ്റൈന്‍, ഖത്തര്‍ എന്നീ രാജ്യങ്ങളിലും വ്യാഴാഴ്ച റമദാൻ വ്രതം ആരംഭിച്ചു. റമദാന് മുമ്പുള്ള അറബി മാസമായ ശഅ്ബാന്‍ 30 പൂര്‍ത്തിയാക്കിയാണ് റമദാന്‍ മാസം ആരംഭിച്ചത്.റമദാന്‍ നോമ്പ് പുലര്‍ച്ചെ ആരംഭിക്കുകയും സൂര്യാസ്തമയം വരെ തുടരുകയും ചെയ്യുന്നു. റമദാന്‍ മാസം മുഴുവന്‍ ഇത് പാലിക്കണം. നോമ്പിന് മുമ്പുള്ള പ്രഭാതഭക്ഷണത്തെ സുഹൂര്‍ എന്നും സൂര്യാസ്തമയ സമയത്ത് നോമ്പ് മുറിക്കുന്ന ഭക്ഷണത്തെ ഇഫ്താര്‍ എന്നും വിളിക്കുന്നു. ആത്മാവിനെ ശുദ്ധീകരിക്കുക എന്നതാണ് റമദാന്‍ നോമ്പിന്റെ ലക്ഷ്യം. നോമ്പിനോടൊപ്പം ദാനധര്‍മ്മങ്ങള്‍ നടത്തണമെന്നും പറയപ്പെടുന്നു. നോമ്പ് മുറിക്കുന്ന വേളയില്‍ ഭക്ഷണം പങ്കുവെക്കുകയും മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും ഉത്തമമാണ്.ഗര്‍ഭിണികള്‍, മുലയൂട്ടുന്ന സ്ത്രീകള്‍, ശാരീരികവും മാനസികവുമായ അസ്വാസ്ഥ്യമുള്ളവര്‍ എന്നിവര്‍ക്ക് റമദാന്‍ നോമ്പില്‍ നിന്ന് വിട്ടുനില്‍ക്കാം. കുട്ടികള്‍ പ്രായപൂര്‍ത്തിയാകുന്നതുവരെ ഉപവസിക്കണമെന്നത് നിര്‍ബന്ധമല്ല. അതുപോലെ റമദാന്‍ നോമ്പ് എടുക്കുന്നത് ആരോഗ്യത്തിന് ഭീഷണിയാണെങ്കിലും അതില്‍ നിന്ന് വിട്ടുനില്‍ക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *