അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട; 7,300ഓളം തൈകൾ നശിപ്പിച്ചു

Spread the love

പാലക്കാട് : മയക്കുമരുന്ന് വ്യാപനത്തിനെതിരെ പാലക്കാട് ജില്ലാ പോലീസ് നടത്തുന്ന ഓപ്പറേഷൻ തൂഫാൻ’ന്റെ ഭാഗമായി അട്ടപ്പാടിയിൽ വൻ കഞ്ചാവ് വേട്ട. പുതൂർ പഞ്ചായത്തിലെ പൊന്നക്കൽ മലക്കും അംഗണ്യൻ ചോലയ്ക്കും ഇടയിലുള്ള പ്രദേശത്തുനിന്ന് 7,300ഓളം കഞ്ചാവ് തൈകൾ കണ്ടെത്തി നശിപ്പിച്ചു.അഗളി സബ് ഡിവിഷണൽ ലഹരി വിരുദ്ധ സ്ക്വാഡും അഗളി എസ്.ഐ ഹർഷാദിന്റെ നേതൃത്വത്തിലുള്ള സംഘവും നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കൃഷി കണ്ടെത്തിയത്. പൊന്നക്കൽ മലക്കും അംഗണ്യൻ ചോലയ്ക്കും ഇടയിൽ 160 തടങ്ങളിലായി ഒന്നര മാസം പ്രായമുള്ള 1,600ഓളം തൈകളും, പൊന്നക്കൽ മലയുടെ കിഴക്കുഭാഗത്ത് 475 തടങ്ങളിലായി പൂർണ വളർച്ചയെത്തിയ 5,700ഓളം തൈകളുമാണ് കണ്ടെത്തിയത്.പുലർച്ചെ 4.30ന് പുറപ്പെട്ട പോലീസ് സംഘം ഏഴുമണിക്കൂറിലധികം ചെങ്കുത്തായ മലനിരകളിലൂടെ സഞ്ചരിച്ചാണ് കൃഷിയിടത്തിലെത്തിയത്. ട്രിപ്പ് ഇറിഗേഷൻ സംവിധാനമുപയോഗിച്ചാണ് തൈകൾ നട്ടുവളർത്തിയിരുന്നത്. കൃഷി നടത്തിയവരെ കണ്ടെത്തുന്നതിനായി പുതൂർ പോലീസ് അന്വേഷണം ശക്തമാക്കി.പാലക്കാട് നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പി ഇൻചാർജ് എം. വിശ്വംഭരൻ, അഗളി ഡി.വൈ.എസ്.പി അശോകൻ എന്നിവരുടെ നേതൃത്വത്തിൽ അഗളി ഡാൻസാഫ്, എ.എൻ.എഫ് സംഘങ്ങളും പരിശോധനയിൽ പങ്കെടുത്തു.ഈ മാസം 20നും അട്ടപ്പാടിയിൽ കഞ്ചാവ് വേട്ട നടന്നിരുന്നു. പൊട്ടിക്കൽ ഊരിന് സമീപം പക്കിവായി മലക്കും തേൻവര മലക്കും ഇടയിൽ 42 തടങ്ങളിലായി കൃഷി ചെയ്തിരുന്ന 624 പൂർണ വളർച്ചയെത്തിയ കഞ്ചാവ് തൈകൾ അന്ന് കണ്ടെത്തി നശിപ്പിച്ചിരുന്നു.അട്ടപ്പാടിയിലെ വനമേഖലകളിലെ അനധികൃത കഞ്ചാവ് കൃഷി കണ്ടെത്തുന്നതിനായി തുടർച്ചയായ പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് പോലീസ്.

Leave a Reply

Your email address will not be published. Required fields are marked *