ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിത്തറയിടുന്ന വിദ്യാഭ്യാസമെന്ന കേരളത്തിന്റെ നിലപാട് ഇനിയും തുടരും: മന്ത്രി വി. ശിവന്‍കുട്ടി
ജനാധിപത്യത്തിലും മതനിരപേക്ഷതയിലും അടിത്തറയിടുന്ന വിദ്യാഭ്യാസം എന്ന കേരളത്തിന്റെ നിലപാട് ഇനിയും തുടരുമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേരളീയത്തിന്റെ ഭാഗമായി ‘കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം’ എന്ന വിഷയത്തില്‍ ടഗോര്‍ തിയറ്ററില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. എല്ലാവരെയും ഉള്‍ച്ചേര്‍ക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുക എന്നതാണ് കേരളത്തിന്റെ സംസ്‌കാരം. വിഭജനത്തിന്റെയും വെറുപ്പിന്റെയും നിലപാടുകള്‍ ലോകത്തും രാജ്യത്തും ഉയര്‍ന്നു വരുന്ന ഘട്ടത്തില്‍ വൈവിധ്യത്തെയും ബഹുസ്വരതയെയും മുന്‍നിര്‍ത്തിയുള്ള നിലപാട് മാത്രമേ കേരളത്തിന് ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയൂവെന്നും മന്ത്രി വ്യക്തമാക്കി.കേരളത്തിന്റെ വിദ്യാഭ്യാസ സാധ്യതകളെ പ്രയോജനപ്പെടുത്തി വിജ്ഞാന സമൂഹത്തിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും മുന്നേറണമെന്ന് യുണീസെഫ് വിദ്യാഭ്യാസ വിഭാഗം (ഇന്ത്യ) മേധാവി ടെറി ഡെറൂണിയന്‍ പറഞ്ഞു. വിജ്ഞാന സമൂഹത്തിലേക്കും സമ്പദ് വ്യവസ്ഥയിലേക്കും സംഭാവന ചെയ്യുന്നവരാകാന്‍ യുവാക്കളെ പ്രാപ്തരാക്കുന്നതിന് ചെറിയതോതിലുള്ള വിടവുകള്‍ നികത്തി കൂടുതല്‍ മുന്നേറാനുള്ള കരുത്ത് കേരളത്തിനുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.തൊഴിലധിഷ്ഠിതവും നൈപുണ്യവും അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം വികസിപ്പിക്കുന്നതിലൂടെയും വിദ്യാര്‍ത്ഥി കേന്ദ്രീകൃത കരിയര്‍ ഗൈഡന്‍സ് പരിപാടികള്‍ നടപ്പിലാക്കുന്നതിലൂടെയും കേരളത്തിലെ വിദ്യാഭ്യാസം ശക്തിപ്പെടുത്താനാകുമെന്ന നിര്‍ദേശവും അദ്ദേഹം പങ്കുവച്ചു.എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്ന കേരളത്തിന്റെ അടിസ്ഥാന നയവും വിദ്യാഭ്യാസ മേഖലയുടെ അടിത്തറയും കരുത്തും സാമൂഹ്യ ഇടപെടലുകളും ഫ്രീ സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള സ്‌കൂളുകളിലെ ഐ ടി മുന്നേറ്റവും സെമിനാറില്‍ പ്രശംസനേടി. വിദ്യാഭ്യാസത്തിന്റെ ആത്മാവ് കുഞ്ഞുങ്ങളും അതിന്റെ ഹൃദയം അധ്യാപകരും മസ്തിഷ്‌കം രക്ഷിതാക്കളുമടങ്ങുന്ന സമൂഹമാണെന്ന് ഇന്ത്യയിലെ ഫിന്‍ലാന്റ് നോളഡ്ജ് വിദഗ്ധന്‍ ഡോ. മിക്ക ടിറോനെന്‍ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തേയും തൊഴിലിനേയും വേവ്വേറെയായി കണ്ട് വൊക്കേഷണല്‍ കോഴ്‌സുകള്‍ പ്രത്യേകം നടപ്പാക്കാതെ സംയോജിപ്പിച്ചുള്ള തൊഴില്‍ അധിഷ്ഠിത വിദ്യാഭ്യാസ സംവിധാനമാണ് അവലംബിക്കേണ്ടതെന്ന് ഡല്‍ഹി യൂണിവേഴ്‌സിറ്റി ഡിപ്പാര്‍ട്‌മെന്റ് ഓഫ് എഡ്യൂക്കേഷന്‍ എലമെന്ററി ആന്‍ഡ് സോഷ്യല്‍ എഡ്യൂക്കേഷന്‍ മുന്‍ പ്രൊഫസര്‍ അനിത രാംപാല്‍ പറഞ്ഞു. ഔപചാരിക വിദ്യാഭ്യാസത്തിനു മുമ്പേയുള്ള പ്രീസ്‌കൂളിംഗില്‍ പഠനോപാധികളായി കളികള്‍ മാറ്റപ്പെടേണ്ടതുണ്ട്. വയോജനങ്ങളുടെ മൂല്യങ്ങള്‍ കുട്ടികളിലേക്ക് പകരപ്പെടുന്ന രീതിയിലുള്ള പരിപാടികള്‍ ശാസ്ത്രീയമായ നടപ്പിലാക്കണമെന്നുമുള്ള നിര്‍ദേശങ്ങളും സെമിനാറില്‍ ഉയര്‍ന്നുവന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് വിഷയാവതരണം നടത്തി. എട്ട് വിദഗ്ധരാണ് പ്രബന്ധങ്ങള്‍ അവതരിപ്പിച്ചത്. ജാമിയ മിലിയ യൂണിവേഴ്‌സിറ്റി എജ്യുക്കേഷന്‍ ഫാക്കല്‍റ്റി പ്രൊഫ. ഫാറ ഫാറൂഖി, സിഡോക്കാന്‍ഹു മുര്‍മു യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും ജെഎന്‍യു സ്‌കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റംസ് പ്രൊഫസര്‍ സൊനാജ്ഹരിയ മിന്‍സ്, ബംഗളൂരു ഐടി ഫോര്‍ ചേഞ്ച് ഡയറക്ടര്‍ ശ്രീ. ഗുരുമൂര്‍ത്തി കാശിനാഥന്‍, കൈറ്റ് സിഇഒ കെ. അന്‍വര്‍ സാദത്ത്, വിദ്യാകിരണം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സി. രാമകൃഷ്ണന്‍ എന്നിവരും പാനലിസ്റ്റുകളായിരുന്നു. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ ഷാനവാസ് എസ്. മോഡറേറ്ററായി.ആസൂത്രണ ബോര്‍ഡ് വൈസ് ചെയര്‍ പേഴ്‌സണ്‍ വി.കെ. രാമചന്ദ്രന്‍, ആസൂത്രണബോര്‍ഡ് അംഗം മിനി സുകുമാര്‍, പാലക്കാട് ഡിസ്ട്രിക്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയിനിംഗ് സീനിയര്‍ ലക്ചറര്‍ ഡോ. വി.ടി. ജയറാം എന്നിവരുംപങ്കെടുത്തു.