മത്സ്യമേഖലയുടെ സുസ്ഥിര വികസനം ലക്ഷ്യമാക്കി കേരളീയം സെമിനാര്‍

Spread the love

കേരളീയം പരിപാടിയോടനുബന്ധിച്ച് കേരളത്തിലെ മത്സ്യ മേഖല എന്ന വിഷയത്തില്‍ സെമിനാര്‍ സംഘടിപ്പിച്ചു. മത്സ്യ ഉല്‍പാദനം, വിതരണം, മത്സ്യത്തൊഴിലാളികളുടെ ജീവിത നിലവാരമുയര്‍ത്തല്‍ എന്നിവയില്‍ സംസ്ഥാന സര്‍ക്കാര്‍ ഊര്‍ജിതമായ ഇടപെടലാണ് നടത്തുന്നതെന്ന് ഫിഷറീസ്, സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.തീര സദസ്സുകള്‍ വഴി ലഭിച്ച പരാതികളില്‍ 50% പരാതികളും പരിഹരിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളുടെ പഠന സഹായം, പുനര്‍ ഗേഹം പദ്ധതിയിലൂടെ പുതിയ ഫ്ളാറ്റുകള്‍, വിദേശ വിദ്യാഭ്യാസ സഹായം, കരിയര്‍ ഗൈഡന്‍സ് എന്നിങ്ങനെ വിവിധ പദ്ധതികള്‍ നടപ്പിലാക്കി വരികയാണെന്നും മന്ത്രി പറഞ്ഞു.സമുദ്രതീരം സംരക്ഷിതമേഖലയാക്കി കൊണ്ട് അനിയന്ത്രിതമായി വിദേശ യാനങ്ങളുള്‍പ്പെടെ മല്‍സ്യ ബന്ധനം നടത്തുന്ന സാഹചര്യത്തില്‍ മാറ്റം വരുത്തണമെന്ന് മുന്‍ മന്ത്രി എസ്. ശര്‍മ പറഞ്ഞു. അലങ്കാര മത്സ്യകൃഷിയും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വ്യാപകമാക്കുകയും മത്സ്യത്തിന് താങ്ങുവില പ്രഖ്യാപിക്കേണ്ടതുമുണ്ട്. ഇടനിലക്കാരെ പരമാവധി ഒഴിവാക്കി വിലയുടെ 90% മത്സ്യത്തൊഴിലാളികള്‍ക്ക് ലഭ്യമായാലേ സുസ്ഥിര വികസനം സാധ്യമാകൂവെന്നും ശര്‍മ പറഞ്ഞു.പ്രാദേശിക സഹകരണം, വാണിജ്യ സഹകരണം സേവന ദാതാക്കളുടെ സഹകരണം എന്നിവ ഉറപ്പാക്കാന്‍ ശ്രമിക്കണമെന്ന് ഒമാന്‍ മത്സ്യബന്ധന വികസന വിഭാഗം മുതിര്‍ന്ന ഉപദേഷ്ടാവ് ഡോ.അന്റോണിയോ ഗാര്‍സ പറഞ്ഞു. കാലാവസ്ഥ വ്യതിയാനത്തെ അതിജീവിക്കാന്‍ കഴിയുന്ന രീതിയില്‍ അക്വാകള്‍ച്ചര്‍ കൃഷി രീതികള്‍ പിന്‍ തുടരാന്‍ കേരളം ശ്രമിക്കണം. മത്സ്യങ്ങള്‍ക്ക് മെച്ചപ്പെട്ട വളര്‍ച്ചയും രോഗപ്രതിരോധശേഷിയും സാധ്യമാക്കുന്നതിന് ശക്തമായ ജനിതക പരിവര്‍ത്തന പരിപാടികള്‍ കേരളം ആവിഷ്‌കരിക്കണം. മത്സ്യകര്‍ഷകരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനും യുവാക്കളെയും വനിതകളേയും ഈ രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും കഴിയണം. മത്സ്യത്തീറ്റ ഉല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ട്. ബയോടെക്നോളജി അടിസ്ഥാനമാക്കിയുള്ള സമുദ്ര മത്സ്യ ഉല്‍പാദനം പ്രോത്സാഹിപ്പിക്കണമെന്നും അന്റോണിയോ ഗാര്‍സ പറഞ്ഞു. അമിതമായ മത്സ്യബന്ധനം കേരളത്തിന്റെ മത്സ്യബന്ധന മേഖലയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ചോയ്സ് ഗ്രൂപ്പ് ഉടമ ജോസ് തോമസ് അഭിപ്രായപ്പെട്ടു. യന്ത്രവല്‍കൃത ബോട്ടുകളുടെ വലിപ്പം കൂടി വരുന്ന സാഹചര്യം നിലവിലുള്ളതായി ഫിഷിംഗ് ക്രാഫ്റ്റ് ആന്‍ഡ് ഗിയര്‍ വിദഗ്ദ്ധ ഡോ. ലീല എഡ്വിന്‍ അഭിപ്രായപ്പെട്ടു.മണ്ണ്, ആവാസ വ്യവസ്ഥ, ജലം എന്നിവക്ക് ഓര്‍ഗാനിക് ഫാമിംഗ് എന്ന സങ്കേതം പരമാവധി കേരളം ഉപയോഗപ്പെടുത്തണമെന്ന് ഷെല്‍ രോഗ പ്രതിരോധ വിദഗ്ധ ഡോ.എം റോസലിന്‍ഡ് ജോര്‍ജ് അഭിപ്രായപ്പെട്ടു. കേരളത്തിന്റെ സാധ്യതകള്‍ പരമാവധി ഉപയോഗിക്കണമെന്ന് സീഫുഡ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (കേരള മേഖല) പ്രസിഡന്റും ബേബി മറൈന്‍ ഇന്റര്‍നാഷണലിന്റെ തലവനുമായ അലക്സ് കെ നൈനാന്‍ പറഞ്ഞു. ആധുനികവല്‍ക്കരണം മത്സ്യമേഖലയില്‍ പൂര്‍ണതയിലെത്തിക്കണമെന്ന് ആഷ് ട്രീ വെഞ്ചേഴ്സ് സ്ഥാപകന്‍ മനോജ് ശ്രീകണ്ഠ കുരുക്കള്‍ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *