ടെമ്പോ മതിലിലേക്ക് ഇടിച്ചു കയറ്റി; സ്കൂൾ വാനിൽ കയറാൻ പോയ 13 വയസ്സുകാരന് ദാരുണാന്ത്യം

Spread the love

കന്യാകുമാരി : സ്കൂൾ വാനിൽ കയറാനായി സഹോദരിക്കൊപ്പം നടന്നുപോയ 13 വയസ്സുകാരൻ ടെമ്പോ ഇടിച്ച് ദാരുണമായി കൊല്ലപ്പെട്ടു. കന്യാകുമാരി ജില്ലയിലെ നിത്തിരവിള തൂത്തൂർ സെന്റ് തോമസ് സ്ട്രീറ്റിൽ വെള്ളിയാഴ്ച രാവിലെയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. തൂത്തൂർ സ്വദേശിയും മൽസ്യത്തൊഴിലാളിയുമായ ജൂഡ്സിന്റെ രണ്ടാമത്തെ മകൻ ജെയ്ൻ ജൂഡ്സ് ആണ് മരണപ്പെട്ടത്.വീട്ടിൽ നിന്നും ഇളയ സഹോദരിക്കൊപ്പം സ്കൂൾ വാൻ കാത്തുനിൽക്കുന്ന സ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെയാണ് ഇടുങ്ങിയ റോഡിലൂടെ വേഗത്തിലെത്തിയ ടെമ്പോ അപകടമുണ്ടാക്കിയത്. വാഹനം വരുന്നത് കണ്ട് കുട്ടികൾ റോഡിന്റെ ഇടതുവശത്തുള്ള മതിലിനോട് ചേർന്ന് ഒതുങ്ങി നിൽക്കുകയായിരുന്നു. എന്നാൽ, ഡ്രൈവർ ടെമ്പോ മുന്നോട്ട് എടുത്തതോടെ കുട്ടി വാഹനത്തിനും മതിലിനുമിടയിൽ കുടുങ്ങി ശരീരം നലിഞ്ഞ് സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയായിരുന്നു.ബഹളം കേട്ട് ഓടിയെത്തിയ അമ്മയും നാട്ടുകാരും ചേർന്ന് കുട്ടിയെ ഉടൻ തന്നെ കുഴിത്തുറ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ട നടപടികൾക്കായി കുഴിത്തുറ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.സംഭവത്തിൽ അപകടത്തിനിടയാക്കിയ ടെമ്പോ ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തെ കടുത്ത ശോകമൂകതയിലാഴ്ത്തിയ അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *