സാമൂഹികപ്രതിബദ്ധതയുടെ തിളക്കമുള്ള മാതൃക: അവശനിലയിലായ വെള്ളിമൂങ്ങയ്ക്ക് തുണയായി ഫോർട്ട് പോലീസ്

Spread the love

തിരുവനന്തപുരം : നഗരത്തിരക്കുകൾക്കിടയിൽ ജീവനറ്റുപോകേണ്ടിയിരുന്ന അപൂർവ്വയിനം വെള്ളിമൂങ്ങയ്ക്ക് കരുതലിന്റെ തണലൊരുക്കി തിരുവനന്തപുരം ഫോർട്ട് പോലീസ്. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡ് പരിസരത്തുനിന്നുമാണ് അപകടാവസ്ഥയിലായിരുന്ന വെള്ളിമൂങ്ങയെ പോലീസ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്.ഇന്ന് രാവിലെ ഏഴ് മണിയോടെ പതിവ് പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്ന ഫോർട്ട് പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ ഷാജി, പോലീസ് ഉദ്യോഗസ്ഥനായ നിജിൻ രാജ് എന്നിവരുടെ ശ്രദ്ധയിലാണ് ബസ് സ്റ്റാൻഡ് പരിസരത്ത് അവശനിലയിൽ കിടന്നിരുന്ന മൂങ്ങ പെട്ടത്. പറന്നുയരാൻ കഴിയാത്തവിധം തളർന്നുപോയ പക്ഷിയെ പോലീസ് ഉദ്യോഗസ്ഥർ ഉടൻ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.തുടർന്ന്, ഫോർട്ട് സി.ഐ. R.S. ശ്രീകാന്തിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം ഫോറസ്റ്റ് ഹെഡ്ക്വാർട്ടേഴ്‌സിലെ റെസ്ക്യൂ ടീമിനെ വിവരം അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വനംവകുപ്പിന്റെ പ്രത്യേക രക്ഷാസേനയ്ക്ക് പോലീസ് സംഘം വെള്ളിമൂങ്ങയെ കൈമാറി. പക്ഷിക്ക് ആവശ്യമായ ചികിത്സയും പരിചരണവും നൽകിയ ശേഷം വനത്തിലേക്ക് തുറന്നുവിടുമെന്ന് ഫോറസ്റ്റ് അധികൃതർ വ്യക്തമാക്കി.കുറ്റകൃത്യങ്ങൾ തടയുന്നതിനും ക്രമസമാധാന പാലനത്തിനും ഒപ്പം സർവ്വജീവികളോടുമുള്ള കാരുണ്യവും കരുതലും കാട്ടി മാതൃകയായ ഫോർട്ട് പോലീസിലെ ഉദ്യോഗസ്ഥരെ നാട്ടുകാരും സന്നദ്ധപ്രവർത്തകരും അഭിനന്ദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *