വാഴിച്ചലിൽ വൻ കഞ്ചാവ് വേട്ട: 90 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ
കാട്ടാക്കട: തമിഴ്നാട്ടിൽനിന്ന് ആഡംബര കാറിൽ കടത്തുകയായിരുന്ന 90 കിലോ കഞ്ചാവുമായി രണ്ടുപേരെ പൊലീസ് പിടികൂടി. വെള്ളറട അഞ്ചുമരങ്കാല സ്വദേശി സുധീഷ്, പൂഴനാട് കുന്നനാട് സ്വദേശി അഖിൽ എന്നിവരെയാണ് ആര്യങ്കോട് പൊലീസും തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് (DANSAF) സംഘവും ചേർന്ന് അറസ്റ്റ് ചെയ്തത്.വ്യാഴാഴ്ച പുലർച്ചെ വാഴിച്ചൽ ഇമ്മാനുവൽ കോളേജിന് സമീപത്തുവച്ചാണ് തമിഴ്നാട് രജിസ്ട്രേഷനിലുള്ള കാറിൽനിന്ന് (TN 09 AR 6156) കഞ്ചാവ് പിടിച്ചെടുത്തത്. കാറിന്റെ ഡിക്കിയിൽ പ്രത്യേക അറയുണ്ടാക്കിയാണ് ലഹരിമരുന്ന് സൂക്ഷിച്ചിരുന്നത്. 2.200 കിലോ വീതം തൂക്കമുള്ള 40 പാക്കറ്റുകളിലായിട്ടായിരുന്നു ഇത്. ആന്ധ്രപ്രദേശിൽനിന്ന് തമിഴ്നാട് വഴിയാണ് കഞ്ചാവ് കേരളത്തിലേക്ക് എത്തിച്ചത്.തിരുവനന്തപുരം റൂറൽ എസ്.പി. പ്രശാന്തൻ കാണി IPS-ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരാഴ്ചയായി പ്രതികൾ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കാട്ടാക്കട ഡി.വൈ.എസ്.പി. ജി. ബിനു, നാർകോട്ടിക് സെൽ ഡി.വൈ.എസ്.പി. റോബർട്ട് ജോണി എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന.ഡാൻസാഫ് സബ് ഇൻസ്‌പെക്ടർമാരായ എഫ്. ഫയാസ്, ശരത്, ബി. ദിലീപ്, സുനിൽ ലാൽ, ബിജു കുമാർ, പ്രേം കുമാർ എന്നിവരടങ്ങിയ സംഘമാണ് നിർണായക നീക്കത്തിലൂടെ ലഹരികടത്ത് സംഘത്തെ വലയിലാക്കിയത്. ജില്ലയിൽ ലഹരിക്കെതിരെയുള്ള നടപടികൾ ശക്തമായി തുടരുമെന്ന് പൊലീസ് അറിയിച്ചു.


