വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണം : മന്ത്രി കെ.മുരളീധരൻ

Spread the love

തിരുവനന്തപുരം : നഗരത്തിൽ വാട്ടർ അതോറിട്ടി കരാറുകാരുടെ സേവനം 24 മണിക്കൂറും ഉറപ്പാക്കണമെന്നും അറ്റകുറ്റ പണികൾക്ക് കാലതാമസം പാടില്ലെന്നും ആരോഗ്യ ദേവസ്വം മന്ത്രി കെ.മുരളീധരൻ നിർദ്ദേശം നൽകി. വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെയും വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെ കോർപറേഷൻ കൗൺസിലർമാരുടെയും യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. വൈകിട്ട് അഞ്ച് മണിയ്ക്ക് ശേഷം പൈപ്പ് ലൈനുകളിൽ തകരാറുണ്ടായാൽ കരാറുകാർ അറ്റകുറ്റപണിയ്ക്ക് തയ്യാറാകുന്നില്ലെന്ന് കൗൺസിലർമാർ യോഗത്തിൽ പറഞ്ഞു. ജനങ്ങൾ വെള്ളംകിട്ടാതെ വലയുമ്പോൾ രാത്രി മുഴുവൻ ജലം പാഴാകുന്ന സ്ഥിതിയാണെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. 24മണിക്കൂറും കരാറുകാരുടെ സേവനം ലഭ്യമാകണമെന്നിരിക്കെ ഇത്തരത്തിലുണ്ടാകുന്ന വീഴ്ച അംഗീകരിക്കാനാകില്ലെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു. കരാറുകാരുടെ 24 മണിക്കൂർ സേവനം ഉറപ്പാക്കാൻ വാട്ടർ അതോറിട്ടി ചീഫ് എൻജിനിയറെ ചുമതലപ്പെടുത്തി. വാട്ടർ കണക്ഷൻ വിച്ഛേദിക്കുന്നതിന് 10 ദിവസം മുൻപ് അറിയിപ്പ് നൽകണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മുന്നറിയിപ്പില്ലാതെ കണക്ഷൻ വിച്ഛേദിക്കുന്നത് സംബന്ധിച്ച് മണ്ഡലത്തിലെ ആളുകളിൽ നിന്ന് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദ്ദേശം. നിലവിൽ ഒരു ചോർച്ച കണ്ടെത്താൻ നിരവധി സ്ഥലങ്ങൾ കുഴിക്കേണ്ട സ്ഥിതിയാണെന്നും പൈപ്പ് ലൈനിൽ ചോർച്ചയുണ്ടായാൽ കണ്ടെത്താനുള്ള ലീക്ക് ഡിറ്റക്ടർ നഗരത്തിന് വേണ്ടി മാത്രം വാങ്ങണമെന്നും ഉദ്യോഗസ്ഥരോട് മന്ത്രി പറഞ്ഞു.വാട്ടർഅതോറിട്ടിയിലെ ചില ഉദ്യോഗസ്ഥർ ഫോൺ വിളിച്ചാൽ എടുക്കാറില്ലെന്ന കൗൺസിലർമാരുടെ പരാതി ഗൗരവകരമായി കാണണമെന്നും പരാതികൾ കേൾക്കാനുള്ള മനസ് ഉദ്യോഗസ്ഥർ കാണിക്കണമെന്നും മന്ത്രി കെ.മുരളീധരൻ പറഞ്ഞു. അടിയന്തരമായി പൂർത്തിയാക്കേണ്ടതും ദീർഘകാല അടിസ്ഥാനത്തിൽ ചെയ്യേണ്ടതുമായ കാര്യങ്ങളെ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനും മന്ത്രി നിർദ്ദേശിച്ചു. അരുവിക്കരയിൽ ഒരു പ്ലാന്റ് കൂടി നിർമ്മിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാനും ഇതിനായി പേപ്പാറയിലെ ജലനിരപ്പ് ഉയർത്തുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ പഠിക്കാനും സൂപ്രണ്ടിംഗ് എൻജിനിയറെ ചുമതലപ്പെടുത്തി. നെയ്യാറിലെയും വെള്ളായണി കായലിലെയും വെള്ളം ഉപയോഗിച്ച് നഗരത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കാനുള്ള സാദ്ധ്യതകൾ തേടണമെന്നും മന്ത്രി കെ.മുരളീധരൻ യോഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *