കെ.എസ്.ആർ.ടി.സി : ക്രിസ്തുമസും പട്ടിണിയിൽ തന്നെ.എംപ്ലോയീസ് സംഘ് ചീഫ് ഓഫീസിലേയ്ക്ക് പ്രതിക്ഷേധ മാർച്ചും ധർണ്ണയും നടത്തി
തിരുവനന്തപുരം : കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ നവംബർ മാസത്തെ ശമ്പളം പൂർണ്ണമായും വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് കെ.എസ്.ടി എംപ്ലോയീസ് സംഘ്(ബിഎംഎസ്) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെ.എസ്.ആർ.ടി.സി-യുടെ കേന്ദ്ര ആഫീസായ ട്രാൻസ്പോർട്ടു ഭവനു മുന്നിൽ പ്രതിക്ഷേധ ധർണ്ണ നടത്തി. ജില്ലാ ഭാരവാഹികളായ ആർ. പത്മകുമാർ, സി. എസ് ശരത്, വി കെ ജയപ്രകാശ്, മഹേശ്വരൻ, എസ് സുനിൽകുമാർ, രാജ്കുമാർ തുടങ്ങിയവർ നേതൃത്വം നൽകിയ ധർണ്ണ എംപ്ലോയീസ് സംഘ് സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി വി.പ്രദീപ് ഉദ്ഘാടനം ചെയ്തു. ഇരുനൂറ്റി മുപ്പത്തി അഞ്ചു കോടി രൂപ വരുമാനമുണ്ടായിട്ടും, 40 കോടി രൂപ ശമ്പളത്തിനായി നീക്കിവയ്ക്കാൻ തയ്യാറാവാത്തത് ജീവനക്കാരെ അസന്തുഷ്ടരാക്കി സ്ഥാപനത്തെ അരക്ഷിതാവസ്ഥയിലാക്കി തകർക്കുകയെന്ന ഇടതു സർക്കാരിൻ്റെ ഗൂഢപദ്ധതിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നവകേരളയാത്രയ്ക്ക് മുഖ്യമന്ത്രിയുടെ ബസിൻ്റെ ഡ്രൈവറായി സേവനമനുഷ്ഠിക്കുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാരനു പോലും ശമ്പളം നൽകാതെ എന്തു നവകേരള സൃഷ്ടിയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം ചോദിച്ചു. വരുമാനമുണ്ടായിട്ടും ശമ്പളം നൽകാതിരിക്കുന്ന സർക്കാർ നയം തിരുത്തുന്നതു വരെ പ്രക്ഷോഭം തുടരുമെന്ന് അദ്ദേഹം ആവർത്തിച്ചു.