ചാക്കിൽക്കെട്ടി ഗർഭിണിയായ കാമുകിയുടെ മൃതദേഹം കിണറ്റിലിട്ട യുവാവ് അറസ്റ്റിൽ

Spread the love

കോയമ്പത്തൂർ: ഗര്‍ഭിണിയായ കാമുകിയുടെ മൃതദേഹം ചാക്കില്‍ക്കെട്ടി കിണറ്റിലിട്ട കേസില്‍ യുവാവ് അറസ്റ്റില്‍. ഗോപിച്ചെട്ടിപ്പാളയത്തിൽ 21കാരിയായ പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കാമുകൻ കൊങ്കർപാളയം ദണ്ഡ് മാരിയമ്മൻ കോവിൽ റോഡിലെ ലോകേഷ് (23) ആണ് അറസ്റ്റിലായത്.ഗോപിച്ചെട്ടിപ്പാളയത്തിലെ സ്വകാര്യ കോളേജിൽ പഠിച്ചിരുന്ന ലോകേഷും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു. ലോകേഷ് ഇപ്പോൾ സ്വകാര്യ ഐടി കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത്. കാമുകിയായ യുവതി ഗർഭിണിയായതോടെ ഉടൻ വിവാഹം നടത്താൻ ആവശ്യപ്പെട്ടെങ്കിലും ലോകേഷ് തയ്യാറായില്ല. വിഷയം വീട്ടുകാർ അറിയുമെന്ന ഭീതിയിൽ ഗർഭഛിദ്രം നടത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു എന്ന് പൊലീസ് പറയുന്നു.ഇതിനായി മാർച്ച് 28-ന് ഇരുവരും കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിയെങ്കിലും നാല് മാസം ആയതിനാൽ ഒന്നും ചെയ്യാൻ പറ്റില്ലെന്നു പറഞ്ഞ് ആശുപത്രി അധികൃതർ തിരിച്ചയച്ചു. ഇതോടെ ഇരുവരും കൊങ്കർപാളയത്തുള്ള ലോകേഷിന്റെ മുത്തശ്ശിയുടെ വീട്ടിലേക്കുപോയി. ഈ സമയത്താണ് യുവതിയുടെ വീട്ടുകാർ വിളിക്കുന്നത്. ഉടൻ വീട്ടിലേക്ക് വരാമെന്ന് വീട്ടുകാരോട് പറയുകയും ചെയ്തു. തുടർന്ന്, ഭക്ഷണം വാങ്ങിക്കാനായി പുറത്തുപോയി വന്നപ്പോൾ യുവതിയെ തൂങ്ങി മരിച്ചനിലയിൽ കണ്ടെന്നാണ് ലോകേഷ് മൊഴി നൽകിയതെന്ന് പോലീസ് പറഞ്ഞു.സംഭവം പുറത്തറിഞ്ഞാൽ തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭയന്ന് ലോകേഷ് തന്നെയാണ് മൃതദേഹം ചാക്കിൽക്കെട്ടി ടിഎൻ പാളയത്തെ കിണറ്റിൽ ഉപേക്ഷിച്ചതെന്നും പറയുന്നു. പോലീസ് ഇത് പൂർണമായി വിശ്വാസത്തില്‍ എടുത്തിട്ടില്ല.ലോകേഷിനെ ഗോപിച്ചെട്ടിപ്പാളയം കോടതിയിൽ ഹാജരാക്കിയശേഷം ജില്ലാ ജയിലിലടച്ചു. മകളെ കാണാതായ അന്നുതന്നെ യുവതിയുടെ അമ്മ പോലീസിൽ പരാതി നൽകിയിരുന്നു. വെള്ളിയാഴ്ച വൈകീട്ടാണ് കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെത്തിയത്. അഴുകിയ മണം വന്നതോടെ നാട്ടുകാർ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പെരുന്തുറ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. മൊബൈൽ ഫോൺ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ലോകേഷിനെ അറസ്റ്റുചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *