ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിക്കുന്നു

Spread the love

നേത്രദാനം പ്രോത്സാഹിപ്പിക്കുന്നതിന് നിയമഭേദഗതികൾ പരിശോധിക്കും: മന്ത്രി കെ. മുരളീധരൻ

മരണാനന്തര അവയവദാനവും നേത്രദാനവും കൂടുതൽ സുഗമമാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളിൽ കാലാനുസൃതമായ ഭേദഗതികൾ വരുത്തുന്ന കാര്യം സർക്കാർ പരിശോധിക്കുമെന്ന് ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ. ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പേരൂർക്കട ജില്ലാ മോഡൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അപകടങ്ങൾ, രോഗങ്ങൾ, പോഷകാഹാരക്കുറവ്, അണുബാധ എന്നിവ മൂലം കാഴ്ച നഷ്ടപ്പെടുന്ന ലക്ഷക്കണക്കിന് ആളുകൾക്ക് കാഴ്ച തിരിച്ചുകിട്ടാനുള്ള ഏകമാർഗമാണ് നേത്രദാനം. ഇത് സംബന്ധിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന ചില തെറ്റായ ധാരണകൾ മാറേണ്ടതുണ്ടെന്നും നേത്രദാനത്തിന്റെ മഹത്വം എല്ലാ ദിവസവും ഓർമിപ്പിക്കുകയെന്നതാണ് പക്ഷാചരണം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ആഗസ്റ്റ് 25 മുതൽ സെപ്തംബർ എട്ട് വരെയാണ് ദേശീയ നേത്രദാന പക്ഷാചരണം സംഘടിപ്പിക്കുന്നത്.

ചടങ്ങിൽ അധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി, നേത്രദാന സമ്മതപത്രം മന്ത്രിക്ക് കൈമാറി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, അഡീഷണൽ ഡി.എം.ഒ. ഡോ. സതീഷ് കെ.എൻ, പേരൂർക്കട ജില്ലാ മാതൃക ആശുപത്രി സൂപ്രണ്ട് ഡോ. അനു എം.എസ്, ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, കൗൺസിലർ വിനീത് വി. ജി., ജില്ലാ ഓഫ്താൽമിക് സർജൻ ഡോ. അനിതാ ബിനു, ജില്ലാ ഓഫ്താൽമിക് കോഡിനേറ്റർ നിസ എസ്, ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പമേല ബി. നന്ദി എന്നിവർ പങ്കെടുത്തു.

ഉദ്ഘാടനത്തിന് ശേഷം പേരൂർക്കട ആശുപത്രിയിലെ ഓഫ്താൽമോളജി ജൂനിയർ കൺസൾട്ടന്റ് ഡോ. പ്രമീള ആർ. എസ്. ജില്ലാതല സെമിനാറിന് നേതൃത്വം നൽകി. പരിപാടിയുടെ ഭാഗമായി പേരൂർക്കട കോ-ഓപ്പറേറ്റീവ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ ഫ്‌ളാഷ് മോബും അവതരിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *