സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ സമരപ്പന്തലില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയെത്തി
ന്യൂഡല്‍ഹി: സമരം ചെയ്യുന്ന ഗുസ്തി താരങ്ങളുടെ സമരപ്പന്തലില്‍ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയെത്തി. ഡല്‍ഹി ജന്തര്‍ മന്ദിറില്‍ 11 ദിവസമായി ഗുസ്തി താരങ്ങള്‍ സമരത്തിലാണ്. സാക്ഷി മാലിക്, വിനേഷ് ഫോഗട്ട്, ബജ് രംഗ് പൂനിയ തുടങ്ങിയ താരങ്ങളുമായി പി ടി ഉഷ സംസാരിച്ചു.ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റും ബിജെപി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരെ ലൈംഗിക അതിക്രമ പരാതി ഉന്നയിച്ചാണ് ഗുസ്തി താരങ്ങളുടെ സമരം. ഇദ്ദേഹത്തെ മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് സമരം. സമരക്കാരെ കാണാനെത്തിയ പിടി ഉഷക്കു നേരെ പ്രതിഷേധവും ഉണ്ടായി.സമരപ്പന്തലിലെത്തി താരങ്ങളെ കണ്ട് മടങ്ങുമ്പോൾ ഇന്ത്യന്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രസിഡന്റ് പിടി ഉഷയുടെ വാഹനം സമരക്കാർക്കൊപ്പമുണ്ടായിരുന്ന വിമുക്തഭടൻ തടഞ്ഞു. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ മാറ്റി. ഗുസ്തി താരങ്ങളുടെ സമരത്തിനെതിരെ കഴിഞ്ഞദിവസം പിടി ഉഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.ബ്രിജ് ഭൂഷണ്‍ സിങിനെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലുണ്ടാക്കിയെന്നായിരുന്നു വിമർശനം.സമരക്കാര്‍ ഉന്നയിച്ച വിഷയങ്ങള്‍ അന്വേഷിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിട്ടുണ്ട്. ഇതില്‍ റിപ്പോര്‍ട്ട് വരുന്നതു വരെ കാത്തിരിക്കാന്‍ സമരക്കാര്‍ തയ്യാറായില്ല. താരങ്ങള്‍ തെരുവില്‍ പ്രതിഷേധിക്കുകയാണ്. സമരക്കാരുടെ നടപടി അച്ചടക്കലംഘനമാണെന്നും പി ടി ഉഷ അഭിപ്രായപ്പെട്ടിരുന്നു.പിടി ഉഷയുടെ പ്രസ്താവനക്കെതിരെ സമരം നടത്തുന്ന ഗുസ്തി താരങ്ങള്‍ രംഗത്തെത്തി. ഉഷയുടെ പ്രസ്താവന ഏറെ വേദനിപ്പിച്ചു. സ്ത്രീ എന്ന നിലയ്ക്ക് കൂടി ഉഷയുടെ പിന്തുണ തങ്ങള്‍ക്ക് ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. തങ്ങള്‍ സമാധാനപരമായാണ് പ്രതിഷേധിക്കുന്നത്. നീതിക്കുവേണ്ടിയാണ് തങ്ങളുടെ സമരമെന്നും ഗുസ്തി താരം സാക്ഷി മാലിക് പറഞ്ഞു.