വിലാപയാത്ര ജനസമുദ്രമായി : ഇല്ലാ ഇല്ല മരിക്കുന്നില്ല ജീവിക്കുന്നു ഞങ്ങളിലൂടെ

Spread the love

ഇല്ലാ… ഇല്ല മരിക്കുന്നില്ല…ജീവിക്കുന്നു ഞങ്ങളിലൂടം… വിലാപയാത്ര കടന്നുപോകുന്ന മുഴുവൻ വഴികളിലും ഇടിമുഴക്കംപോലെ നെഞ്ചുകീറി വിളിക്കുകയാണ്. കണ്ണേ.. കരളേ.. വിഎസ്സേ.. ഒരു നേതാവിന് പിന്നിലല്ല, ഒരു യുഗത്തിന് പിന്നിൽ അണിനിരക്കുകയാണ് ജനം. ഇന്നലെ തിരുവനന്തപുരം ദർബാർഹിളിൽ നിന്ന് പുറപ്പെട്ട വിലാപയാത്ര ഇപ്പോൾ കായംകുളത്ത് എത്തിയിരിക്കുകയാണ്. വിഎസ് അച്യുതാനന്ദന്റെ ഭൗതിക ശരീരം ഇപ്പോൾ കൊല്ലം ജില്ലയിലൂടെയാണ് കടന്നുപോകുന്നത്. മഴയെയും പ്രതികൂല കാലാവസ്ഥയെയും മറികടന്ന് ആയിരങ്ങളാണ് തങ്ങളുടെ പ്രിയനേതാവിന് അന്തിമോപാചാരമർപ്പിക്കാൻ വഴിനീളെ കാത്ത് നിന്നത്. അവസാനമായി ഒന്ന് കാണാൻ ഇപ്പോഴും വഴിയരികിൽ കാത്തുനിൽക്കുകയാണ് ജനം. വിലാപയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിൽ ശക്തമായ ഗതാഗത നിയന്ത്രണമാണുള്ളത്. നിലവിൽ കൊല്ലം ജില്ലയിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വാഹനത്തിൻ്റെ വേഗത അൽപംകൂട്ടിയാണ് വിലാപയാത്ര ജന്മനാട്ടിലേയ്ക്ക് എത്താൻ ശ്രമിക്കുന്നതെങ്കിലും അലയടിച്ചെത്തിയ ജനക്കൂട്ടത്തിന് മുന്നിൽ അത് സാധ്യമാകുന്നില്ല. പ്രിയസഖാവിനെ കാണാനായി വരിമുറിയാതെ റോഡിന് ഇരുവശവും ആളുകൾ ഒത്തുകൂടുകയാണ്.ജനപ്രവാഹത്തിന്റെ ഒഴുക്കില്‍ മുന്‍പ് നിശ്ചയിച്ച സമയക്രമങ്ങളെല്ലാം തെറ്റിയെങ്കിലും കൊല്ലത്തിന്റെ ഓരങ്ങളില്‍ അര്‍ദ്ധരാത്രി മുതല്‍ പുലരും നേരം വരെ വി എസ്സിനെ അവസാനമായി കാണാന്‍ കാത്തിരുന്നത് പതിനായിരങ്ങളാണ്. കൊല്ലത്തേക്ക് വിലാപയാത്ര പ്രവേശിച്ചപ്പോള്‍ നേരം അര്‍ദ്ധരാത്രി കഴിഞ്ഞിട്ടും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ കാത്തുനിന്നവർക്ക് ഊർജം പകർന്നത് അദ്ദേഹത്തിൻ്റെ ത്യാഗോജ്വലമായി ജീവിതമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *