ബജറ്റ്: ജനക്ഷേമ പദ്ധതികൾ സ്വാഗതാർഹം; പുതിയ പ്രഖ്യാപനങ്ങളിൽ തുറന്ന ചർച്ച വേണം – വെൽഫെയർ പാർട്ടി
കാലങ്ങളായി അവഗണിക്കപ്പെട്ട മേഖലകൾ തഴയപ്പെട്ടത് പുനഃപരിശോധിക്കണം.
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബജറ്റിൽ പ്രഖ്യാപിച്ച ജനക്ഷേമ പദ്ധതികൾ സ്വാഗതാർഹമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻ്റ് റസാഖ് പാലേരി. കാരുണ്യ, ശ്രുതിതരംഗം, ക്യാൻസർ സുരക്ഷ തുടങ്ങിയ ക്ഷേമപദ്ധതികൾ കാര്യക്ഷമമാക്കാനുള്ള തീരുമാനം സാധാരണക്കാർക്ക് വലിയ ആശ്വാസമായിരിക്കും. നിർമ്മിത ബുദ്ധി പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ ‘ഫ്യൂച്ചർ റെഡിനെസ്സ് തിങ്ക് ടാങ്ക്’ രൂപീകരിക്കുന്നതും വയനാട്ടിൽ ട്രൈബൽ സർവ്വകലാശാലയും തദ്ദേശീയ വിജ്ഞാന മേഖലയും സ്ഥാപിക്കുന്നതും തൊഴിലവസരങ്ങൾക്കായി ‘ഗ്ലോബൽ ജോബ് വാച്ച് ടവർ’ സ്ഥാപിക്കുന്നതും വികസനത്തിൽ പ്രവാസി പങ്കാളിത്തം ഉറപ്പാക്കുന്നതുമെല്ലാം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സപ്ലൈകോയുടെ സപ്ലൈ ചെയിൻ മാനേജ്മെന്റിൽ സഹകരണ മേഖലയെ ഉൾപ്പെടുത്തുന്നതും നാളികേരത്തിന് പുതിയ സംഭരണ കേന്ദ്രങ്ങൾ ആരംഭിക്കുന്നതും പ്രതീക്ഷാവഹമായ പ്രഖ്യാപനങ്ങളാണ്. മലയോര മേഖലയിലെ പട്ടയവിതരണ തടസ്സങ്ങൾ നീക്കുന്നത് കർഷകർക്ക് ആശ്വാസകരമാണ്. മലപ്പുറത്ത് ആധുനിക ക്യാൻസർ സെന്റർ സ്ഥാപിക്കുന്നതും കാസർഗോഡ്, ഇടുക്കി, വയനാട്, മഞ്ചേരി മെഡിക്കൽ കോളേജുകളുടെ വികസനത്തെ ബജറ്റിൽ പരിഗണിച്ചതും ആരോഗ്യരംഗത്തെ മികച്ച തീരുമാനമാണ്. എന്നാൽ, ഇതിനായി വകയിരുത്തിയ തുക സമഗ്രമായ വികസനത്തിന് അപര്യാപ്തമാണ്.
കിഫ്ബി അടക്കമുള്ള സംവിധാനങ്ങളെ പുനഃക്രമീകരിക്കുമെന്ന പ്രഖ്യാപനം എങ്ങനെ പ്രായോഗികമാക്കുമെന്നതിൽ സർക്കാർ വ്യക്തത വരുത്തണം. 600 കിലോമീറ്റർ തീരദേശത്തെ ബന്ധിപ്പിക്കുന്ന ‘മിഷൻ സമുദ്ര’ എന്ന ബൃഹദ് പദ്ധതിയും, ആലപ്പുഴയെ ഇന്ത്യയുടെ ‘ബ്ലൂ ഇക്കോണമി’ തലസ്ഥാനമാക്കുമെന്ന പ്രഖ്യാപനവും തീരദേശ ജനതയെ ഏത് നിലയിൽ ബാധിക്കുമെന്നത് ഗൗരവമായ പഠനത്തിന് വിധേയമാക്കണം. ഇത്തരം പദ്ധതികൾ പ്രയോഗവത്കരിക്കും മുമ്പ് തുറന്ന ചർച്ച നടത്തുകയും ആശങ്കകൾ പരിഹരിക്കുകയും വേണം. കടലാക്രമണത്തിൽ ഉപജീവനം നഷ്ടപ്പെടുന്ന മത്സ്യത്തൊഴിലാളികളുടെ പുനരധിവാസത്തിനായി സമഗ്രമായൊരു പാക്കേജ് ബജറ്റിലില്ല എന്നത് നിരാശാജനകമാണ്.
ആദിവാസി ഊരുകളിലെ പട്ടിണിയും പോഷകാഹാരക്കുറവും പരിഹരിക്കാനോ, പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ സാമൂഹ്യനീതി ഉറപ്പാക്കാനോ ആവശ്യമായ ഫണ്ട് വകയിരുത്തൽ ബജറ്റിൽ കാണുന്നില്ല. ഭൂരഹിതരായ ദലിത് – ആദിവാസി വിഭാഗങ്ങൾക്ക് കൃഷിഭൂമി ഉറപ്പാക്കുന്ന യഥാർത്ഥ ഭൂപരിഷ്കരണത്തെക്കുറിച്ച് ബജറ്റ് മൗനം പാലിക്കുന്നു. ഈ വിഷയം അടിയന്തിര സ്വഭാവത്തിൽ അഭിമുഖീകരിക്കാൻ സർക്കാരിന് ബാധ്യതയുണ്ട്.
ദലിത് – ആദിവാസി വിഭാഗങ്ങളുടെയും പിന്നാക്ക – ന്യൂനപക്ഷ സമൂഹങ്ങളുടെയും സാമൂഹിക ക്ഷേമത്തിനും പുരോഗതിക്കുമായി കൂടുതൽ തുക വകയിരുത്തണം. ബജറ്റിൽ വിലയിരുത്തുന്ന തുക പാഴായിപ്പോകാതിരിക്കാനും വക മാറ്റി ചിലവഴിക്കാതിരിക്കാനും വേണ്ടി പ്രത്യേകം സംവിധാനങ്ങൾ കാണണം. സ്കോളർഷിപ്പുകളും ഇ ഗ്രാന്റുകളും സമയബന്ധിതമായി വിതരണം ചെയ്യാൻ സംവിധാനം ഉണ്ടാകണം. വിദ്യാഭ്യാസം, ആരോഗ്യം, ഗതാഗതം, പൊതുഭരണനിർവഹണം തുടങ്ങിയ മേഖലകളിൽ മലബാർ ജില്ലകൾക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാത്തത് അനീതിയാണ്.
കേരളത്തിൽ പുതിയ റവന്യു ജില്ലകൾ രൂപീകരിക്കാൻ ആവശ്യമായ പഠനം നടത്താനുള്ള തീരുമാനം സ്വാഗതാർഹമാണ്. അതേ സമയം പുതിയ ജില്ലാ രൂപീകരണം സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ ശ്രദ്ധിക്കണം. സർക്കാർ തന്നെ പുറത്തിറക്കിയ ധവളപത്രത്തിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ധൂർത്തും ദുർവ്യയവും കുറക്കാനും ചിലവ് ചുരുക്കൽ കർശനമായ ഭരണനയമായി സ്വീകരിക്കാനും സർക്കാറിന് സാധിക്കണം. ബജറ്റ് പ്രഖ്യാപനങ്ങൾ കടലാസ്സിൽ ഒതുങ്ങിപ്പോകാതിരിക്കാനും ചുവപ്പ് നാടകളിൽ കുരുങ്ങിപ്പോകാതിരിക്കാനുമുള്ള കാര്യനിർവഹണ ജാഗ്രത മന്ത്രിസഭയ്ക്ക് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
പ്രസിദ്ധീകരണത്തിന്,2026 ജൂൺ 19
കൂടുതൽ വിവരങ്ങൾക്ക്
Contact
Adhil Abdul Rahim
+91 9895 550 436
Media Coordinator,
WELFARE PARTY KERALA.

