ഗുജറാത്തിലെ രാജ്‌കോട്ടില്‍ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു
അഹമ്മദാബാദ്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ തടയണയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയുടെ പേരിട്ടു. കലാവഡ് റോഡില്‍ വാഗുഡാദ് ഗ്രാമത്തില്‍ ഗിര്‍ഗംഗാ പരിവാര്‍ ട്രസ്റ്റ് പൊതുജനങ്ങളില്‍നിന്നു സംഭാവന സ്വീകരിച്ച് നിര്‍മിക്കുന്ന തടയണയ്ക്ക് ഹീരാബാ സ്മൃതിസരോവര്‍ എന്നാണ് പേരിട്ടത്.ന്യാരാ നദിയില്‍ 400 അടി നീളത്തിലുള്ള അണയുടെ നിര്‍മാണോദ്ഘാടനം രാജ്‌കോട്ട് മേയറുടെയും എം.എല്‍.എ.യുടെയും സാന്നിധ്യത്തില്‍ നിര്‍വഹിച്ചു. 15 ലക്ഷം രൂപയാണ് ചെലവ്. മോദിയുടെ അമ്മ ഹീരാബായോടുള്ള ബഹുമാനസൂചകമായാണ് നാമകരണമെന്ന് ട്രസ്റ്റ് പ്രസിഡന്റ് ദിലീപ് സാഖിയ പറഞ്ഞു. ഡിസംബര്‍ 30നായിരുന്നു ഹീരാബായുടെ മരണം. ഇവര്‍ താമസിച്ചിരുന്ന വൃന്ദാവന്‍ സൊസൈറ്റിയിലേക്കുള്ള റോഡിന് ഗാന്ധിനഗര്‍ കോര്‍പ്പറേഷന്‍ പൂജ്യ ഹീരാബാ മാര്‍ഗ് എന്ന് ജീവിച്ചിരിക്കെതന്നെ പേരിട്ടിരുന്നു.