പുതുപ്പള്ളിലേക്ക് യാത്രകളെല്ലാം പൂര്‍ത്തിയാക്കി അന്ത്യവിശ്രമത്തിനായി പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് എത്തി

Spread the love

കോട്ടയം: അമ്പത്തിമൂന്ന് വര്‍ഷം തന്നെ ഹൃദയത്തില്‍ സൂക്ഷിച്ച പുതുപ്പള്ളിലേക്ക് യാത്രകളെല്ലാം പൂര്‍ത്തിയാക്കി അന്ത്യവിശ്രമത്തിനായി പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് എത്തി. താന്‍ വരുമ്പോഴെല്ലാം ആവശ്യങ്ങളും ആവലാതികളുമായി ഓടിയെത്തിയിരുന്നവരെല്ലാം ഇപ്പോഴും പുതുപ്പള്ളിയില്‍ തിങ്ങി നിറഞ്ഞു നില്‍ക്കുകയാണ്. തങ്ങളുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ അവസാനമായി ഒരുനോക്കുകൂടി കാണാന്‍. തിരുനക്കര മൈതാനിയില്‍നിന്നാരംഭിച്ച ആ വികാരഭരിതയാത്ര ആറുമണിയോടെ പുതുപ്പള്ളിയിലെ കുടുംബ വീട്ടിലെത്തി.ജനസാഗരത്തിന്റെ അന്തിമോപചാരമേറ്റുവാങ്ങി ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് ഉമ്മന്‍ ചാണ്ടിയുടെ ഭൗതികശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര തിരുനക്കര മൈതാനിയില്‍നിന്ന് പുതുപ്പള്ളിയിലേക്ക് പുറപ്പെട്ടത്. ജനത്തിരക്ക് കാരണം മുന്‍നിശ്ചയിച്ചതില്‍നിന്ന് മണിക്കൂറുകളോളം വൈകിയിരുന്നു. അന്ത്യാഞ്ജലിയര്‍പ്പിക്കാനുള്ള വലിയ ജനത്തിരക്ക് കണക്കിലെടുത്ത് സംസ്‌കാര ചടങ്ങ് രാത്രി ഏഴരയ്ക്ക് ശേഷം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.തറവാട്ട് വീട്ടില്‍ പൊതുദര്‍ശനത്തിനു ശേഷം വൈകീട്ട് ആറരയോടെ ഭൗതിക ശരീരം പുതിയതായി പണികഴിപ്പിക്കുന്ന വീട്ടിലേക്ക് എത്തിച്ച് പ്രാര്‍ത്ഥന നടത്തും. തുടര്‍ന്ന് ഏഴ് മണിയോടെ പുതുപ്പള്ളി പള്ളിയിലേക്ക് വിലാപ യാത്ര ആരംഭിക്കും. പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയില്‍ പ്രത്യേകമായി തയ്യാറാക്കിയ കല്ലറയിലാണ് അന്ത്യവിശ്രമം. ഔദ്യോഗിക ബഹുമതി വേണ്ടെന്ന് കുടുംബം നേരത്തെ അറിയിച്ചതിനാല്‍ ഇതുപ്രകാരം ഔദ്യോഗിക ബഹുമതിയില്ലാതെയാണ് സംസ്‌കാരം നടക്കുക.രാവിലെ 11 മണിയോടെയാണ് വിലാപയാത്ര തിരുനക്കരയില്‍ എത്തിയത്. മമ്മൂട്ടി, സുരേഷ് ഗോപി എം.പി, ദിലീപ്, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ സിനിമാ താരങ്ങളും വിവിധ രാഷ്ട്രീയ, സാമുദായിക നേതാക്കളും തിരുനക്കരയിലെത്തി ഉമ്മന്‍ ചാണ്ടിക്ക് അന്തിമോപചാരമര്‍പ്പിച്ചിരുന്നു. ഊണും ഉറക്കവുമറിയാതെ, വിശ്രമമില്ലാതെ ജനങ്ങളാല്‍ ചുറ്റപ്പെട്ട്, ജനങ്ങള്‍ക്കിടയില്‍ ജീവിച്ച ഉമ്മന്‍ ചാണ്ടിക്ക് വിടനല്‍കാന്‍ എം.സി റോഡിന് ഇരുവശവും ജനസാഗരം മണിക്കൂറുകളോളം വിശ്രമമറിയാതെ കാത്തുനിന്നു.തിരുവനന്തപുരത്തുനിന്ന് 12 മണിക്കൂര്‍ കൊണ്ട് തിരുനക്കര എത്താമെന്ന് കണക്കുകൂട്ടിയ വിലാപയാത്ര എത്തിച്ചേര്‍ന്നത് 28 മണിക്കൂറോളം സമയമെടുത്താണ്. കണ്ഠമിടറി മുദ്രാവാക്യം വിളികളോടെയാണ് അണികള്‍ വഴിനീളെ പ്രിയ നേതാവിനെ യാത്രയാക്കിയത്. ഉമ്മന്‍ ചാണ്ടി ആരായിരുന്നു എന്നതിന് ജനങ്ങള്‍ നല്‍കിയ ബഹുമതിയായിരുന്നു വൈകാരികമായ ഈ യാത്രയയപ്പ്.

Leave a Reply

Your email address will not be published. Required fields are marked *