വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍

Spread the love

ന്യൂഡല്‍ഹി: വിമാനത്തിനുള്ളില്‍ യാത്രക്കാര്‍ മോശമായി പെരുമാറി പ്രശ്‌നമുണ്ടാക്കിയാല്‍ സാഹചര്യം നിയന്ത്രിക്കുന്നതിന് വിമാനക്കമ്പനികള്‍ക്ക് മാര്‍ഗനിര്‍ദേശം നല്‍കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ). വാക്കാലുള്ള ആശയവിനിമയവും അനുരഞ്ജന സമീപനങ്ങളും ഫലംകാണാതെ വന്നാല്‍ ആവശ്യമെങ്കില്‍ മോശമായി പെരുമാറുന്ന യാത്രക്കാരെ ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്ക് കെട്ടിയിടാമെന്ന് ഡിജിസിഎ നിര്‍ദേശിച്ചു. എയര്‍ ഇന്ത്യ വിമാനത്തില്‍ സഹയാത്രികരുടെ ദേഹത്ത് യാത്രക്കാരന്‍ മൂത്രമൊഴിച്ച രണ്ട് സംഭവങ്ങള്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് ഡി.ജി.സി.എയുടെ നിര്‍ദേശം.വിമാനത്തിനുള്ളില്‍ യാത്രക്കാരുടെ ഭാഗത്തുനിന്നുണ്ടായ ചില മോശം പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുന്നതില്‍ വിമാനത്തിലെ പൈലറ്റ്, ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ ഉള്‍പ്പെടെ പരാജയപ്പെട്ടു. ഈ സംഭവങ്ങളില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നത് വിമാന യാത്രയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിച്ചുവെന്നും ഡി.ജി.സി.എ ചൂണ്ടിക്കാണിച്ചു.യാത്രക്കാരുടെ സുരക്ഷയും വിമാനത്തിനകത്തെ അച്ചടക്കവും പൈലറ്റിന്റെ ഉത്തരവാദിത്തമാണ്. യാത്രക്കാരുടെ മോശം പെരുമാറ്റം നിയന്ത്രിക്കാന്‍ ക്യാമ്പിന്‍ ക്രൂ അംഗങ്ങള്‍ക്ക് സാധിച്ചാലും സാഹചര്യം പെട്ടെന്നുതന്നെ വിലയിരുത്തി കൂടുതല്‍ നടപടികള്‍ക്കായി എയര്‍ലൈന്‍ സെന്‍ട്രല്‍ കണ്‍ട്രോളിനെ വിഷയം അറിയിക്കേണ്ടതും പൈലറ്റിന്റെ ഉത്തരവാദിത്വമാണെന്നും ഡിജിസിഎ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. വിമാനക്കമ്പനികള്‍ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിസിഎ മുന്നറിയിപ്പ് നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *