തൃശ്ശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു
തൃശ്ശൂർ നഗരത്തിൽ യുവാവ് കുത്തേറ്റ് മരിച്ചു. ഒളരിക്കര സ്വദേശി ശ്രീരാഗാണ്(26) കൊല്ലപ്പെട്ടത്. ഇയാളുടെ സഹോദരനും കുത്തേറ്റിട്ടുണ്ട്. രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷമാണ് കൊലപാതകത്തിലെത്തിയത്. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ദിവാൻജിമൂല പാസ്‌പോർട്ട് ഓഫീസിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. ശ്രീരാഗിന്റെ സഹോദരങ്ങളായ ശ്രീരാജ്, ശ്രീനേഗ് എന്നിവർക്കും ശ്രീരാഗിനെ കുത്തിയ അൽത്താഫിനും സംഘർഷത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇതിൽ ശ്രീനേഗിന് കുത്തേറ്റിട്ടുണ്ട്. മറ്റ് രണ്ട് പേർക്ക് അടിപിടിയിലുണ്ടായ പരുക്കുകളാണ് ഉള്ളത്. ശ്രീരാഗും സംഘവും റെയിൽവേ സ്റ്റേഷൻ രണ്ടാം നമ്പർ പ്ലാറ്റ്‌ഫോമിലിറങ്ങി പുറത്തേക്ക് വരികയായിരുന്നു. ദിവാൻജിമൂല കോളനിക്കുള്ളിലൂടെയാണ് ഇയാൾ പുറത്തേക്ക് വന്നത്. ഇവരുടെ കയ്യിലുണ്ടായിരുന്ന കവർ അൽത്താഫും സംഘവും പരിശോധിച്ചതോടെ തർക്കമായി. തുടർന്നായിരുന്നു കത്തിക്കുത്ത്. ശ്രീരാഗ് സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.