പെരിയ ഇരട്ടക്കൊലക്കേസ് പ്രതികൾക്ക് പരോൾ, എൽഡിഎഫ് സർക്കാരിന്റെ തീരുമാനത്തിൽ അടിയന്തര റിപ്പോർട്ട് തേടി ആഭ്യന്തര മന്ത്രി
കാസർഗോഡ് പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി ഉൾപ്പെടെ അഞ്ച് പ്രതികൾക്ക് കൂട്ടത്തോടെ പരോൾ അനുവദിച്ച സംഭവത്തിൽ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അടിയന്തര റിപ്പോർട്ട് തേടി. ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹയോടാണ് മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടത്. പരോൾ അനുവദിച്ചതുമായി ബന്ധപ്പെട്ട എല്ലാ വസ്തുതകളും സമഗ്രമായി അന്വേഷിച്ച് എത്രയും വേഗം സമർപ്പിക്കാനാണ് നിർദ്ദേശം.എൽഡിഎഫ് സർക്കാർ അധികാരമൊഴിയുന്നതിന് തൊട്ടുമുമ്പാണ് ജയിൽ വകുപ്പ് ഈ പ്രതികൾക്ക് പരോൾ അനുവദിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയത്. പുതിയ യുഡിഎഫ് സർക്കാർ അധികാരമേറ്റയുടൻ ഈ വിഷയം വിവാദമായ പശ്ചാത്തലത്തിലാണ് ആഭ്യന്തരമന്ത്രിയുടെ അടിയന്തര ഇടപെടൽ. പരോൾ നൽകിയതിലെ ചട്ടലംഘനങ്ങളും അസ്വാഭാവികതയും അന്വേഷണ പരിധിയിൽ വരും.അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം ലഭ്യമായ വസ്തുതകളുടെ അടിസ്ഥാനത്തിൽ പ്രതികളുടെ പരോൾ റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള തുടർന്നുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.

