വിരമിച്ച 854 കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി വിതരണം; ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു

Spread the love

വിരമിച്ച 854 കശുവണ്ടി തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി വിതരണം; ഉദ്ഘാടനം മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു

സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി കാപ്പക്‌സ്, കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ നിന്ന് വിരമിച്ച 854 തൊഴിലാളികള്‍ക്കുള്ള ഗ്രാറ്റുവിറ്റി വിതരണത്തിന് തുടക്കമായി. കാപ്പക്‌സ് പെരുമ്പുഴ ഫാക്ടറിയില്‍ നടന്ന ചടങ്ങില്‍ വനം, വന്യജീവി, കശുവണ്ടി വകുപ്പ് മന്ത്രി ഷിബു ബേബി ജോണ്‍ ഗ്രാറ്റുവിറ്റി വിതരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
കാപ്പക്‌സ് ഫാക്ടറികളില്‍ നിന്ന് 2021, 2022 വര്‍ഷങ്ങളിലും കേരള സ്റ്റേറ്റ് കാഷ്യു ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ഫാക്ടറികളില്‍ നിന്ന് 2023, 2024 വര്‍ഷങ്ങളിലും വിരമിച്ച തൊഴിലാളികള്‍ക്കാണ് ഗ്രാറ്റുവിറ്റി വിതരണം ചെയ്യുന്നത്.
കശുവണ്ടി ആപ്പിളില്‍ നിന്ന് വികസിപ്പിച്ചെടുത്ത സോഡയുടെയും കശുവണ്ടി പരിപ്പില്‍ നിന്ന് അഞ്ച് വ്യത്യസ്ത രുചികളില്‍ തയ്യാറാക്കിയ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളുടെയും ആദ്യ വിപണന ഉദ്ഘാടനവും മന്ത്രി ഷിബു ബേബി ജോണ്‍ നിര്‍വഹിച്ചു. കശുവണ്ടി വ്യവസായത്തിലെ ഉപോല്‍പ്പന്നങ്ങളെ കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തി തൊഴിലാളികള്‍ക്കും വ്യവസായത്തിനും കൂടുതല്‍ വരുമാന സാധ്യതകള്‍ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

ചടങ്ങില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എം പി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക, ടൂറിസം വകുപ്പ് മന്ത്രി പി സി വിഷ്ണുനാഥ് സംസാരിച്ചു. കശുവണ്ടി തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ലഭ്യമാക്കുന്നതിനും ഇഎസ്‌ഐ ആനുകൂല്യങ്ങള്‍ക്ക് അര്‍ഹത ലഭിക്കുന്ന തരത്തില്‍ തൊഴില്‍ ദിനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ആവശ്യമായ ഇടപെടലുകള്‍ നടത്തുമെന്ന് മന്ത്രി അറിയിച്ചു.

കൊടിക്കുന്നില്‍ സുരേഷ് എം പി, ജില്ലാ പഞ്ചായത്ത് അംഗം വിനിതകുമാരി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിന്ധു ഗോപന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രാജേശ്വരി അമ്മ, വാര്‍ഡ് അംഗം മിനി, യു ടി യു സി ദേശീയ പ്രസിഡന്റ് എ. എ. അസീസ്, ഐ എന്‍ ടി യു സി സംസ്ഥാന സെക്രട്ടറി അഡ്വ. ശൂരനാട് ശ്രീകുമാര്‍, സി ഐ ടി യു കൊല്ലം ജില്ലാ പ്രസിഡന്റ് തുളസീധരക്കുറുപ്പ്, എ ഐ ടി യു സി ജില്ലാ സെക്രട്ടറി ജി. ബാബു, കാപ്പക്‌സ് മാനേജിംഗ് ഡയറക്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
(പി.ആര്‍.കെ നമ്പര്‍ 2627/2026)

ചില്‍ഡ്രന്‍സ് ഹോം; ഓണഘോഷപരിപാടി ഇന്ന് (ഓഗസ്റ്റ് 22ന്)

ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഓണാഘോഷപരിപാടി ‘ഒന്നിച്ചോണം കളിച്ചോണം ചിരിച്ചോണം@ കൊല്ലം 2026’ ഓഗസ്റ്റ് 22ന് രാവിലെ 10 മുതല്‍ വൈകിട്ട് 3.30 വരെ അഞ്ചാലുംമൂട് അഞ്ചു ഓഡിറ്റോറിയത്തില്‍ നടത്തും. ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനവും ഓണക്കോടി വിതരണവും തൊഴില്‍ വനിതാ ശിശുവികസന മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ബിന്ദുകൃഷണ നിര്‍വഹിക്കും. ജില്ലാകലക്ടര്‍ ആനി ജൂലാ തോമസ് അധ്യക്ഷയാകും. ജില്ലയിലെ 31 ചില്‍ഡ്രന്‍സ് ഹോമുകളിലെ കുട്ടികളെ ഉള്‍പ്പെടുത്തിയാണ് പരിപാടി.
(പി.ആര്‍.കെ നമ്പര്‍ 2628/2026)

അവധിക്കാല സ്‌ക്വാഡുകള്‍ രൂപീകരിച്ചു

ഓണവുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ അവധി ദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കാന്‍ സാധ്യതയുള്ള അനധികൃത ധാതു ഖനന പ്രവര്‍ത്തനങ്ങളും നിലം നികത്തലും കുന്നിടിക്കലും തടയുന്നതിനായി ജില്ലാകലക്ടര്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഉത്തരവിട്ടു. അനധികൃത പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് താഴെപറയുന്ന ഫോണ്‍ നമ്പറില്‍ അറിയിക്കാം.
സബ് കളക്ടറുടെ കാര്യാലയം, കൊല്ലം – 0474-2793461, റവന്യൂ ഡിവിഷണല്‍ ഓഫീസ് പുനലൂര്‍ – 0474-2793462, താലൂക്ക് ഓഫീസുകളായ കൊല്ലം -0474-2742116, കരുനാഗപ്പള്ളി 0476-2620223, കുന്നത്തൂര്‍ 0476-2830345, കൊട്ടാരക്കര 0474-2454623, പത്തനാപുരം 0475-2350090, പുനലൂര്‍ -0475-2222605.
(പി.ആര്‍.കെ നമ്പര്‍ 2629/2026)

ഭക്ഷ്യ സുരക്ഷ; സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു

ഓണത്തോടനുബന്ധിച്ച് ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലയില്‍ അഞ്ച് സ്‌ക്വാഡുകള്‍ രൂപീകരിച്ച് ഭക്ഷ്യ പരിശോധന നടത്തിവരികയാണ്. നാളിതുവരെ 576 സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. 89 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഗുരുതരമായ ന്യൂനതകള്‍ കണ്ടെത്തിയ 34 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച രണ്ട് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്തിച്ചു. വൃത്തിഹീനമായും ഭക്ഷ്യ സുരക്ഷ നിയമം പാലിക്കാതെയും പ്രവര്‍ത്തിച്ച ഏഴ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുക്കുന്നതിനും നടപടി ആരംഭിച്ചു. ഓണം സ്‌പെഷ്യല്‍ സ്‌ക്വാഡ് 324 സാംമ്പിളുകള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചിട്ടുണ്ട്. ഓണത്തോടനുബന്ധിച്ച് കൂടുതല്‍ ഉപയോഗിക്കുന്ന വെളിച്ചെണ്ണ, നെയ്യ്, പാല്‍, ശര്‍ക്കര, പയര്‍ വര്‍ഗ്ഗങ്ങള്‍, പഞ്ചസാര, പപ്പടം, പായസക്കൂട്ടുകള്‍, ചിപ്‌സ്, മുതലായവയാണ് കൂടുതല്‍ ശേഖരിച്ച് ലാബ് പരിശോധനയ്ക്കായി അയച്ചിട്ടുളളതാണെന്ന് ഭക്ഷ്യ സൂരക്ഷ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചൂ. ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട പരാതികള്‍ 1800 425 11 25 നമ്പരില്‍ അറിയിക്കാം.
(പി.ആര്‍.കെ നമ്പര്‍ 2630/2026)

ഖാദി ഓണം മേള നറുക്കെടുപ്പ്

ഖാദി ഗ്രാമവ്യവസായ ബോര്‍ഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ഖാദി ഓണംമേള സമ്മാനപദ്ധതിയുടെ നാലാമത്തെ പ്രതിവാര നറുക്കെടുപ്പ് കര്‍ബല ഖാദി ഗ്രാമസൗഭാഗ്യയില്‍ നടത്തി. കൊല്ലം സൈബര്‍ സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ ബഹു മുഖ്യമന്ത്രിയുടെ പോലീസ് സേവ മെഡല്‍ പുരസ്‌കാരം കരസ്ഥമാക്കിയ ശ്യാം കുമാര്‍ ബി നറുക്കെടുപ്പ് നടത്തി. ഉപഭോക്താവായ അരുണിമ ആണ് നറുക്കെടുപ്പ് വിജയി, ( കൂപ്പണ്‍ നമ്പര്‍ 54686). അടുത്ത നറുക്കെടുപ്പ് ഓഗസ്റ്റ് 31ന്.
(പി.ആര്‍.കെ നമ്പര്‍ 2631/2026)

റിവര്‍ മാനേജ്മെന്റ് ഫണ്ട് ഓഡിറ്റിംഗ്: ക്വട്ടേഷന്‍ ക്ഷണിച്ചു

ജില്ലാ കലക്ടറുടെ അധീനതയിലുള്ള റിവര്‍ മാനേജ്മെന്റ് ഫണ്ടിന്റെ 2021-22 മുതല്‍ 2025-26 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളിലെ ഓഡിറ്റ് നടത്തുന്നതിനായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് കമ്പനികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്തംബര്‍ 15ന് വൈകിട്ട് മൂന്നിനകം ജില്ലാ കലക്ടര്‍, സിവില്‍ സ്റ്റേഷന്‍, കൊല്ലം – 691013′ വിലാസത്തില്‍ ലഭ്യമാക്കണം. ഫോണ്‍: 0474 2793473.
(പി.ആര്‍.കെ നമ്പര്‍ 2632/2026)

അംഗത്വം പുതുക്കാം

ജില്ലാ പഞ്ചായത്തിന്റെ ജീവനം കിഡ്നി വെല്‍ഫയര്‍ ഫൗണ്ടേഷനില്‍ അംഗത്വം എടുക്കുകയും നിലവില്‍ പുതുക്കാത്തതുമായവര്‍ സെപ്റ്റംബര്‍ എഴിനകം അംഗത്വം കുടിശ്ശിക തുക ഒടുക്കി പുതുക്കേണ്ടതാണ്. ജീവനം ഫൗണ്ടേഷനില്‍ പുതുതായി അംഗത്വം ലഭിക്കാന്‍ നിയമാവലി പ്രകാരം അര്‍ഹരായിട്ടുള്ളവര്‍ മതിയായ ഫീസ് ഒടുക്കി അപേക്ഷ നല്‍കണം. വിവരങ്ങള്‍ക്ക് ജില്ലാ പഞ്ചായത്തിലെ ജീവനം ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0474 – 2795198, 8714517689.
(പി.ആര്‍.കെ നമ്പര്‍ 2633/2026)

പി.എസ്.സി അഭിമുഖം

വിദ്യാഭ്യാസ വകുപ്പില്‍ എല്‍പിസ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) ( തസ്തികമാറ്റം മുഖേന (കാറ്റഗറി നം.114/25) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് സെപ്തംബര്‍ ഒന്നിന് ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും. പ്രൊഫൈലില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രവേശന ടിക്കറ്റ്, ബയോഡാറ്റ, യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ രേഖ സഹിതം ഹാജരാകണം. എസ്.എം.എസ്, പ്രൊഫൈല്‍ മെസേജ് മുഖേന അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
(പി.ആര്‍.കെ നമ്പര്‍ 2634/2026)

സുരക്ഷിതമായ പാലുല്പാദനം’ പരിശീലന പരിപാടി

ക്ഷീരവികസന വകുപ്പിന്റെ കീഴിലുള്ള ഓച്ചിറ ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ സെപ്റ്റംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ ‘സുരക്ഷിതമായ പാലുല്പാദനം’ വിഷയത്തില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. ഓച്ചിറ ക്ഷീരപരിശീലന കേന്ദ്രം/ ആലപ്പുഴ, കൊല്ലം ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍/ അതാത് ബ്ലോക്ക് ക്ഷീരവികസന ഓഫീസര്‍മാര്‍ മുഖാന്തിരം രജിസ്റ്റര്‍ ചെയ്യാം. കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളിലെപ്പോഴെങ്കിലും പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തവര്‍ പങ്കെടുക്കേണ്ടതില്ല. സെപ്റ്റംബര്‍ ഒന്നിനകം 8089391209, 0476 2698550 നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യാം. ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പും ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം പരിശീലനത്തില്‍ പങ്കെടുക്കണം. രജിസ്‌ട്രേഷന്‍ ഫീസ് 20 രൂപ.
(പി.ആര്‍.കെ നമ്പര്‍ 2635/2026)

Leave a Reply

Your email address will not be published. Required fields are marked *