ജില്ലാ വികസന സമിതി യോഗം ചേർന്നു

Spread the love

ജില്ലയിലെ വിവിധ വികസന പദ്ധതികൾ വിലയിരുത്തുന്നതിനായി ജില്ലാ വികസന സമിതി യോഗം ചേർന്നു. പാറശാല ഗ്രാമപഞ്ചായത്തിലെ ജലജീവൻ മിഷൻ പദ്ധതി വേഗത്തിൽ പൂർത്തീകരിക്കാൻ സി.കെ ഹരീന്ദ്രൻ എം. എൽ.എ നിർദേശിച്ചു. മൂന്ന് കോടി രൂപയുടെ പെരുങ്കടവിള മൾട്ടി പർപ്പസ് കെട്ടിടത്തിന്റെയും, ആറ് കോടി രൂപ വിനിയോഗിച്ച് നിർമിക്കുന്ന പാറശാല ബസ് ടെർമിനലിന്റെയും നിർമാണ പ്രവൃത്തികൾക്കുള്ള നടപടിക്രമങ്ങൾക്ക് കാലതാമസമുണ്ടാകരുതെന്നും എം.എൽ.എ പറഞ്ഞു. പാറശാല മണ്ഡലത്തിലെ റോഡുകളുടെ വികസനത്തിൽ കെ.ആർ.എഫ്.ബിയുടെ പ്രവർത്തനങ്ങളെ എം.എൽ.എ പ്രശംസിച്ചു. അരുവിക്കര മണ്ഡലത്തിലെ വിവിധ റൂട്ടുകളിലേക്കുള്ള കെ. എസ്.ആർ.ടി.സി സർവീസുകളുടെ ക്രമീകരണം യോഗത്തിൽ ചർച്ചയായി. അരുവിക്കര ടൂറിസം കോറിഡോർ പദ്ധതിയുടെ പുരോഗതി വിലയിരുത്താനായി രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ വിനോദസഞ്ചാര വകുപ്പിനോട് എം.എൽ.എ നിർദേശിച്ചു. ബോണക്കാട് പ്രത്യേക പരിഗണന ആവശ്യമുളള മേഖലയെന്ന നിലയിൽ, ചികിത്സാ സൗകര്യത്തിനായി സബ് സെന്റർ ആരംഭിക്കുന്നതിന് ആരോഗ്യ വകുപ്പ് മുൻകൈ എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു. വെള്ളനാട് സബ് ട്രഷറിയുടെ പ്രവർത്തനം മിനി സിവിൽ സ്റ്റേഷനിലേക്ക് മാറ്റുന്നത് സംബന്ധിച്ചും കാട്ടാക്കട, വെള്ളനാട്, കുറ്റിച്ചൽ, വിതുര സർക്കാർ ആശുപത്രികളുടെ പ്രവർത്തനം സംബന്ധിച്ചും യോഗം ചർച്ച ചെയ്തു. ബാലരാമപുരം-വിഴിഞ്ഞം-ഉച്ചക്കട റോഡിലെ വെള്ളക്കെട്ട് ഉടൻ പരിഹരിക്കണമെന്ന് എം.വിൻസെന്റ് എം.എൽ.എ പറഞ്ഞു. വിഴിഞ്ഞം-പൂവാർ റോഡ്, ബാലരാമപുരം മുതൽ വഴിമുക്ക് വരെയുള്ള റോഡുകളുടെ നിർമാണപുരോഗതിയും യോഗം വിലയിരുത്തി. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് അനിൽ ജോസ്.ജെ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ലാനിങ് ഓഫീസർ വി. എസ് ബിജു, എം.പിമാരുടെയും, എം.എൽ.എമാരുടെയും പ്രതിനിധികൾ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *